
ബല്ലാരി: തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതോടെ കർണാടകയിലെ ബെല്ലാരി ജില്ലയിലെ സിർവാറിൽ നിന്നുള്ള കർഷകൻ ചെലവ് താങ്ങാനാവാതെ വിളവെടുത്ത തക്കാളികൾ വഴിയരികിൽ തള്ളി (Tomato Price). വിപണിയിൽ തക്കാളി കിലോയ്ക്ക് 80 മുതൽ 100 രൂപ വരെയാണ് വ്യാപാരികൾ ഈടാക്കുന്നതെന്നും, എന്നാൽ തങ്ങൾക്ക് നൽകുന്നത് 10 രൂപ മാത്രമാണെന്നും കർഷകൻ ഗാദിലിംഗപ്പ പറഞ്ഞു. കയറ്റുകൂലിയും,യാത്രാക്കൂലിയും തിരിച്ചുപിടിക്കാൻ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഒന്നര ഏക്കർ സ്ഥലത്ത് തക്കാളി കൃഷി ചെയ്യാൻ ഒരുലക്ഷത്തോളം രൂപ ചെലവഴിച്ചതായി ഗാദിലിംഗപ്പ പറഞ്ഞു. എന്നാൽ ചുഴലിക്കാറ്റിൻ്റെ ആഘാതം മൂലം തക്കാളി കൃഷിക്ക് തക്കാളി പുള്ളി വാട്ട രോഗം പിടിപെട്ടു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്തുടനീളം തക്കാളി കൃഷിയെ ബാധിച്ചു, ഇതും നഷ്ടം വരാൻ കാരണമായി- അദ്ദേഹം പറഞ്ഞു.