തിരുവനന്തപുരം: നഗരമധ്യത്തിൽ സിനിമാ നടന്റെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. വഴുതയ്ക്കാട് സുബ്രഹ്മണ്യം ഹാളിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. നടൻ മണിയൻപിള്ള രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം.(Bikers seriously injured after being hit by film actor’s car in Thiruvananthapuram)
ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ നിവേദിതിന്റെ കാൽ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതായി ദൃക്സാക്ഷികൾ പറയുന്നു. സുബ്രഹ്മണ്യം ഹാളിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു നടൻ എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

