കോംഗോ/ഓക്സ്ഫോർഡ്: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും കടുത്ത ആശങ്ക വിതച്ച് പടർന്നുപിടിക്കുന്ന എബോള (Oxford ebola vaccine trial) വൈറസിന്റെ ‘ബുണ്ടിബുഗ്യോ’ (Bundibugyo) എന്ന അപൂർവ്വ വകഭേദത്തിനെതിരെ പുതിയ വാക്സിൻ വികസിപ്പിച്ച് മനുഷ്യരിലുള്ള ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചു. ഓക്സ്ഫോർഡ് സർവ്വകലാശാലയും ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടും (Serum Institute of India) സംയുക്തമായാണ് ഈ പുതിയ വാക്സിൻ വികസിപ്പിച്ചത്.
ഓക്സ്ഫോർഡിൽ നടന്ന ആദ്യഘട്ട (Phase-1) ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമായി 37-കാരനായ എഡ് ഹണ്ട് എന്ന സന്നദ്ധപ്രവർത്തകനാണ് വെള്ളിയാഴ്ച വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ഈ വർഷം മേയ് മാസത്തിൽ ആരംഭിച്ച രോഗവ്യാപനത്തിൽ ഇതുവരെ ആയിരത്തിലധികം ആളുകൾ ജീവനറ്റതായി ലോകാരോഗ്യ സംഘടന (WHO) കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ വിപണിയിൽ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ലാത്ത വകഭേദമാണിത്.
പ്രശസ്തമായ ആസ്ട്രാസെനെക (AstraZeneca) കോവിഡ്-19 വാക്സിന് ഉപയോഗിച്ച അതേ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഓക്സ്ഫോർഡ് ഈ വാക്സിനും നിർമ്മിച്ചിരിക്കുന്നത്. ആശയരൂപീകരണം മുതൽ മനുഷ്യരിലെ പരീക്ഷണം വരെയുള്ള ഘട്ടങ്ങൾ വെറും 8 ആഴ്ച കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചതായി ഓക്സ്ഫോർഡിലെ പാൻഡെമിക് സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് വക്താവ് ഡേവിഡ് പുള്ളിഡോ-ഗോമെസ് വ്യക്തമാക്കി.
സി.ഇ.പി.ഐ (CEPI) സാമ്പത്തിക സഹായം നൽകുന്ന പദ്ധതിക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഇതിനകം തന്നെ 6,20,000 ഡോസ് വാക്സിൻ ഉത്പാദിപ്പിച്ചുകഴിഞ്ഞു. വരും ആഴ്ചകളിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 50 സന്നദ്ധപ്രവർത്തകരിൽ വാക്സിന്റെ സുരക്ഷയും പ്രതിരോധശേഷിയും വിലയിരുത്തും. ആവശ്യമായ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഉഗാണ്ട ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ വിപുലമായ ട്രയലുകൾ നടപ്പിലാക്കാനാണ് ഗവേഷകരുടെ തീരുമാനം.
കോംഗോയുടെ ചരിത്രത്തിലെ 17-ാമത് എബോള വ്യാപനമാണിതെങ്കിലും ബുണ്ടിബുഗ്യോ വകഭേദം സൃഷ്ടിക്കുന്ന മൂന്നാമത്തെ മാത്രം ഔട്ട്ബ്രേക്കാണിത്. കഴിഞ്ഞ മാസങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് രോഗവ്യാപന നിരക്ക് ഭയപ്പെടുത്തുന്ന രീതിയിൽ വർദ്ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനോം ഗെബ്രേസേസ് മുന്നറിയിപ്പ് നൽകിയിരുന്നു. രോഗബാധിതരുടെ ശരീരസ്രവങ്ങളിലൂടെ പടരുന്ന ഈ മാരക വൈറസ് നിലവിൽ കോംഗോയിലെ മറ്റ് നാല് പ്രവിശ്യകളിലേക്കും വ്യാപിച്ചിട്ടുണ്ട്.
Story Summary: Oxford University and Serum Institute of India have launched human clinical trials for a new vaccine targeting the rare Bundibugyo Ebola strain currently spreading rapidly in Congo and Uganda.


