വാഷിംഗ്‌ടൺ: കാനഡയിലെ കാട്ടുതീയെത്തുടർന്ന് വടക്കേ അമേരിക്കൻ നഗരങ്ങളിൽ വ്യാപിച്ച പുകയുടെ പേരിൽ കാനഡയ്ക്ക് മേൽ കൂടുതൽ നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് (Canada Wildfires Tariffs). കാനഡയിലെ കാട്ടുതീ നിയന്ത്രിക്കുന്നതിൽ അവിടുത്തെ ഭരണകൂടം പരാജയപ്പെട്ടുവെന്നും, ഇതിന്റെ ഫലമായി ഉണ്ടായ മലിനീകരണം അമേരിക്കയ്ക്ക് സാമ്പത്തിക ബാധ്യത വരുത്തിയെന്നുമാണ് ട്രംപിന്റെ വാദം. കാനഡയിലെ കാടുകൾ ശരിയായി പരിപാലിക്കുന്നില്ലെന്നും, ഇവിടുത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതാണ് തീ പടരാൻ കാരണമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തി.
കാനഡയിലെ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി സംസാരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ അമിത ചൂടും വരൾച്ചയുമാണ് കാട്ടുതീയ്ക്ക് കാരണമെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇത്തരം വാദങ്ങളെ തള്ളിക്കളയുന്ന ട്രംപ്, വനപരിപാലനത്തിലെ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. കാട്ടുതീയെത്തുടർന്ന് പുക ഉയർന്നതോടെ ഈ വാരാന്ത്യത്തിൽ ന്യൂജേഴ്‌സിയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുയർന്നിട്ടുണ്ട്. ട്രംപ് ഭരണകൂടം കാട്ടുതീ ഗവേഷണങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
Summary: US President Donald Trump has threatened to impose steeper tariffs on Canadian exports, blaming the Canadian government for “negligence” in forest management following widespread wildfire smoke that has impacted North American air quality. While Trump insists debris removal could have prevented the fires, scientists attribute the blazes to climate change-induced heat and drought, and critics have raised concerns about the potential impact of smoke on the upcoming FIFA World Cup final in New Jersey.


