ന്യൂഡൽഹി: ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന് കാരണം ഇന്ത്യൻ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണെന്ന മുൻ ജാപ്പനീസ് മന്ത്രി ഹിഡേക്കി മകിഹാരയുടെ ആരോപണം തള്ളി ഇന്ത്യ. മുൻ മന്ത്രിയുടെ പരാമർശം തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും വസ്തുതകളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.(India Japan Bullet Train Controversy Hideki Makihara MEA Reply Shinkansen)
പദ്ധതി സംബന്ധിച്ച ഇന്ത്യ-ജപ്പാൻ ചർച്ചകൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാപ്പനീസ് റെയിൽവേ എഞ്ചിനീയർ ഇസാവോ സുജിമുറ ടോക്കിയോയിലെ ഒരു ബിസിനസ് മാധ്യമത്തിൽ എഴുതിയ ലേഖനത്തോട് പ്രതികരിച്ചാണ് മുൻ ജാപ്പനീസ് നീതിന്യായ മന്ത്രി മകിഹാര എക്സിലൂടെ ഇന്ത്യക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. പദ്ധതി യഥാർത്ഥ ജാപ്പനീസ് ഷിൻകാൻസെൻ മാതൃകയിൽ നിന്നാണ് വ്യതിചലിച്ചതെന്നും ഇന്ത്യൻ ഉദ്യോഗസ്ഥർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ചർച്ചകളിൽ പങ്കെടുത്ത ഇന്ത്യൻ ഉദ്യോഗസ്ഥരും ചുമതലയുണ്ടായിരുന്ന മന്ത്രിയും സ്വന്തം താൽപ്പര്യങ്ങൾക്ക് മാത്രമാണ് മുൻഗണന നൽകിയതെന്നും മകിഹാര ആരോപിച്ചു.
എന്നാൽ, ഈ ആരോപണങ്ങളെ പൂർണ്ണമായും നിഷേധിച്ച വിദേശകാര്യ മന്ത്രാലയം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് അറിയിച്ചു. ജപ്പാൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ E10 / E20 ശ്രേണിയിലുള്ള ട്രെയിനുകൾ 2030-കളുടെ തുടക്കത്തിൽ മാത്രമേ ലഭ്യമാകൂ എന്നതിനാൽ, 2027 ഓഗസ്റ്റിൽ ആരംഭിക്കുന്ന ആദ്യ ഘട്ട സർവീസുകൾ ഇന്ത്യയിൽ നിർമ്മിക്കുന്ന അതിവേഗ ട്രെയിനുകൾ ഉപയോഗിച്ച് നടത്താൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷാ സംവിധാനമായ സിഗ്നലിംഗ് ഘടനയിൽ നിന്ന് ജപ്പാനെ ഒഴിവാക്കി എന്ന ആരോപണവും ഇന്ത്യ തള്ളി. ഈ സിഗ്നലിംഗ് വിഭാഗത്തിനായി ജപ്പാനിൽ നിന്ന് യാതൊരു നിർദ്ദേശവും ലഭിച്ചിരുന്നില്ലെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിലവിലെ സിഗ്നലിംഗ് ഉപകരണങ്ങൾ ഓർഡർ ചെയ്തിട്ടുള്ളതെന്നും മന്ത്രാലയം അറിയിച്ചു. ഗുജറാത്തിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിലുള്ള ആദ്യ സെക്ഷൻ 2027 ഓഗസ്റ്റ് 15-ന് തന്നെ യാത്രക്കാർക്കായി തുറന്നുകൊടുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Story Summary
India has firmly rejected claims made by former Japanese Justice Minister Hideki Makihara, who blamed Indian officials for delays in the Mumbai-Ahmedabad Bullet Train project. Ministry of External Affairs (MEA) spokesperson Randhir Jaiswal stated that the allegations are personal opinions at variance with facts, confirming that bilateral discussions are progressing well.


