ഗാസിയാബാദ്: ഓൺലൈൻ ഗെയിമുകൾ കളിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തു. ഗാസിയാബാദിലെ ഭാരത് സിറ്റി സൊസൈറ്റി അപ്പാർട്ട്‌മെന്റിന്റെ ഒൻപതാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് മൂവരും ജീവനൊടുക്കിയത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ദാരുണമായ സംഭവം.(Gaming Addiction, 3 sisters commits suicide by jumping from flat in Ghaziabad)
പഖി (16), പ്രാചി (14), വിശിക (12) എന്നീ സഹോദരിമാരാണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൂന്ന് പെൺകുട്ടികളും കൊറിയൻ ഓൺലൈൻ ഗെയിമുകൾക്ക് തീവ്രമായി അടിമപ്പെട്ടിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഗെയിമിലെ ടാസ്ക്കുകൾ പൂർത്തിയാക്കുന്നതിനായി ഇവർ സ്കൂളിൽ പോകുന്നത് പോലും പതിവായി ഒഴിവാക്കിയിരുന്നു.
കുട്ടികളുടെ ഗെയിമിംഗ് ശീലത്തെ മാതാപിതാക്കൾ ശക്തമായി എതിർത്തിരുന്നു. കഴിഞ്ഞ ദിവസം ഗെയിം കളിക്കുന്നതിനെ ചൊല്ലി വീട്ടിലുണ്ടായ തർക്കമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് കുട്ടികളെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

