ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ യു.എ.ഇ പതാക ഘടിപ്പിച്ച രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഡൽഹിയിലെ ഇറാന്റെ ഡെപ്യൂട്ടി അംബാസഡർ മുഹമ്മദ് ജവാദ് ഹൊസൈനിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.(Hormuz Strait Iran Missile Attack Indian Crew Killed India Summons Iranian Diplomat)
ആക്രമണത്തിൽ ആറ് ഇന്ത്യക്കാരുൾപ്പെടെ എട്ട് നാവികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. ഒമാൻ കടലിടുക്കിന് സമീപമുള്ള തെക്കൻ കപ്പൽചാലിലൂടെ കടന്നുപോകുകയായിരുന്ന ‘മൊംബാസ’, ‘അൽ ബഹിയ’ എന്നീ എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാന്റെ ക്രൂസ് മിസൈലുകൾ പതിച്ചത്. ആക്രമണത്തിൽ കപ്പലുകൾക്ക് തീപിടിക്കുകയും വലിയ നാശനഷ്ടമുണ്ടാവുകയും ചെയ്തു.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇറാൻ നടത്തിയതെന്നും കടുത്ത പ്രകോപനമാണിതെന്നും യു.എ.ഇ ഭരണകൂടം പ്രതികരിച്ചു. പരിക്കേറ്റവരിൽ രണ്ട് യുക്രൈൻ പൗരന്മാരും ഉൾപ്പെടുന്നുണ്ട്. പശ്ചിമേഷ്യയിൽ ആവർത്തിച്ചുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ അതീവ ഉത്കണ്ഠാജനകമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അന്താരാഷ്ട്ര കപ്പൽചാലുകളിലൂടെയുള്ള വാണിജ്യ കപ്പലുകളുടെയും സാധാരണക്കാരുടെയും സുരക്ഷിതമായ യാത്ര തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കണം. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് സ്വതന്ത്രമായ കപ്പൽ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും മേഖലയിൽ സമാധാനം കൊണ്ടുവരാൻ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം, യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒമാൻ തീരത്തോട് ചേർന്നുള്ള ഈ വഴിയിലൂടെ നിയമവിരുദ്ധമായി കപ്പലുകൾ കടത്തിവിടുകയാണെന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ആരോപിക്കുന്നത്. ഈ മേഖലയിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കപ്പൽയാത്ര അപകടകരമാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ആഗോള എണ്ണ-പ്രകൃതി വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഇറാൻ-അമേരിക്ക തർക്കം നിലവിൽ കടുത്ത അന്താരാഷ്ട്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്.
Story Summary
India summoned Iran’s Deputy Ambassador after an Iranian cruise missile strike on two UAE-flagged oil tankers in the Strait of Hormuz killed an Indian crew member and injured eight others. The Ministry of External Affairs expressed deep concern over the attack in Omani waters and called for an immediate de-escalation of tensions in the region.


