തിരുവനന്തപുരം: ലോകപ്രശസ്തമായ നെഹ്റു ട്രോഫി ജലോത്സവത്തിന്റെ (Nehru trophy prize money) സമ്മാനത്തുക സംസ്ഥാന സർക്കാർ വൻതോതിൽ വർദ്ധിപ്പിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ചുണ്ടൻ വള്ളത്തിനുള്ള കപ്പ് പ്രൈസ് ഇനി മുതൽ 25 ലക്ഷം രൂപയായിരിക്കും. നിലവിൽ ഇത് വെറും അഞ്ച് ലക്ഷം രൂപ മാത്രമായിരുന്നു. വള്ളംകളി സമിതികളുടെ ദീർഘനാളത്തെ ആവശ്യ പരിഗണിച്ചാണ് ഈ ചരിത്രപരമായ തീരുമാനം.
ഒന്നാം സമ്മാനത്തിന് പുറമെ മറ്റ് സ്ഥാനങ്ങളിലെത്തുന്ന ചുണ്ടൻ വള്ളങ്ങൾക്കുള്ള തുകയും ആനുപാതികമായി വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന വള്ളങ്ങൾക്ക് 15 ലക്ഷം രൂപയും ഇനി മുതൽ സമ്മാനമായി ലഭിക്കും. ഇതിന് പുറമെ, മത്സരങ്ങളിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ സുഗമമായ ഒരുക്കങ്ങൾക്കായി സർക്കാർ നൽകിവരുന്ന ആകെ ഗ്രാന്റ് രണ്ട് കോടി രൂപയായും ഉയർത്തിയിട്ടുണ്ട്. വള്ളംകളി ക്ലബുകൾ നേരിടുന്ന വലിയ സാമ്പത്തിക ബാധ്യതയ്ക്ക് പുതിയ പ്രഖ്യാപനം വലിയ ആശ്വാസമാകും.
1952ൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആലപ്പുഴ സന്ദർശിച്ചതോടെയാണ് ഈ വിശ്വപ്രസിദ്ധമായ ജലോത്സവത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അന്ന് അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് കുട്ടനാട്ടുകാർ പുന്നമടക്കായലിൽ ഒരു പ്രത്യേക വള്ളംകളി മത്സരം സംഘടിപ്പിച്ചിരുന്നു. തുഴച്ചിൽക്കാരുടെ താളത്തിലും ആവേശത്തിലും അങ്ങേയറ്റം ആകൃഷ്ടനായ നെഹ്റു ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം, തന്റെ ഒപ്പോടുകൂടിയ വെള്ളിയിൽ തീർത്ത വള്ളത്തിന്റെ മാതൃകയിലുള്ള ഒരു ട്രോഫി സമ്മാനമായി അയച്ചുനൽക്കുകയായിരുന്നു. ഈ ട്രോഫിയാണ് പിന്നീട് ലോകമെമ്പാടുമുള്ള കായിക-ടൂറിസം പ്രേമികൾ ഒരേപോലെ ഉറ്റുനോക്കുന്ന നെഹ്റു ട്രോഫി എന്ന പേരിൽ ചരിത്രപ്രസിദ്ധമായ മത്സരമായി മാറിയത്.
Story Summary: The Kerala government has substantially increased the prize money for the historic Nehru Trophy Boat Race. The cash prize for the winning Chundan Vallam (snake boat) has been raised to ₹25 lakhs from the previous ₹5 lakhs, alongside increments for the runners-up and the total organizational grant.

