മലപ്പുറം: ക്ലാസ് മുറിയിൽ വെച്ച് അധ്യാപകന്‍റെ അതിക്രൂരമായ അടിയേറ്റ് വിദ്യാർത്ഥിയുടെ കൈ പൊട്ടിയ സംഭവത്തില്‍ പ്രതിയായ അധ്യാപകനെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു (Teacher arrested student hand fracture). കല്ലിങ്ങൽ എം എസ് എം എച്ച് എസ് എസ് (MSMHSS) സ്കൂളിലെ അധ്യാപകനും വടകര സ്വദേശിയുമായ ബൽരാജിനെതിരെയാണ് സ്കൂൾ മാനേജ്‌മെന്റിന്റെ അടിയന്തര നടപടി. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. സംഭവത്തിൽ ഇന്നലെ തന്നെ പ്രതിയായ അധ്യാപകനെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പനി ബാധിച്ച് ഏതാനും ദിവസങ്ങളായി ലീവിലായിരുന്ന കുട്ടി വെള്ളിയാഴ്ചയാണ് തിരികെ ക്ലാസിലെത്തിയത്. ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കിൽ എഴുതുകയായിരുന്ന കുട്ടിയെ പിന്നിലൂടെ വന്ന ബൽരാജ് ചൂരലുകൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ കുട്ടിയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും, അതേ കൈകൊണ്ട് തന്നെ കുട്ടിയെക്കൊണ്ട് ബലം പ്രയോഗിച്ച് ബോർഡിൽ എഴുതിപ്പിച്ചു. കൈയ്ക്ക് അസഹ്യമായ വേദനയുണ്ടെന്ന് കുട്ടി കരഞ്ഞു പറഞ്ഞിട്ടും ആശുപത്രിയിൽ എത്തിക്കാൻ ഈ അധ്യാപകൻ തയ്യാറായില്ല. പിന്നീട് സംഭവം വലിയ പ്രശ്നമാകുമെന്ന് മനസ്സിലാക്കിയതോടെ മറ്റ് അധ്യാപകർ ഇടപെട്ട് കുട്ടിയെ വീട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചത്.
കുട്ടിയുടെയും രക്ഷിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ജുവനൈൽ ജസ്റ്റിസ് ആക്ട് (JJ Act) പ്രകാരമാണ് കൽപകഞ്ചേരി പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും. ഇതിനിടെ, ക്രൂരത പുറത്തായതോടെ ബൽരാജിനെതിരെ കൂടുതൽ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. മർദനമേറ്റ വിദ്യാർത്ഥിയുടെ സഹപാഠിയായ പെൺകുട്ടിയും തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി. ബുക്കിൽ മാർജിൻ ഇടാത്തതിന്റെ പേരിൽ ഇയാൾ തന്റെ ഉള്ളംകൈയിൽ അടിച്ചതായും അടിയേറ്റ് കൈ വീർത്തുപോയതായും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഈ അധ്യാപകനെ വലിയ പേടിയാണെന്നും ഇയാൾ ക്ലാസിലെ എല്ലാവരെയും ക്രൂരമായി അടിക്കാറുണ്ടെന്നും കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും സ്വമേധയാ ഇടപെട്ട് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Story Summary: Teacher Balraj of Kallingal MSMHSS was suspended and subsequently arrested by Kalpakanchery Police after fracturing a student’s hand with a cane inside the classroom. The teacher forced the injured child to write on the board despite the pain, and more students have now come forward accusing him of physical abuse.


