പാലക്കാട്: പാലക്കാട് വാണിയംകുളം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ നാല് ദിവസമായി ദുരൂഹ സാഹചര്യത്തിൽ കാണാനില്ലെന്ന് പരാതി (Palakkad missing case). വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഷൊർണൂർ പോലീസ് കേസടുത്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചു.
ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പുറത്തുനിന്ന് പൂട്ടിയിട്ട നിലയിലാണ്. വിവിധ ആവശ്യങ്ങൾക്കായി ബന്ധുക്കൾ ഇവരെ ഫോണുകളിൽ വിളിച്ചെങ്കിലും ആരെയും കിട്ടാതെ വന്നതോടെയാണ് സംശയം തോന്നിയത്. തുടർന്ന് അയൽക്കാരെ വിവരമറിയിച്ച് നടത്തിയ പരിശോധനയിലാണ് ഇവരെ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. ഇതിനിടെ, കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വാഹനത്തിലാണ് മൂവരും വീടുവിട്ടിറങ്ങിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കാണാതായ മൂവരുടെയും കൈവശമുള്ള മൊബൈൽ ഫോണുകൾ എല്ലാം നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവരുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചെങ്കിലും, വീട് സ്ഥിതി ചെയ്യുന്ന പനയൂർ മേഖല തന്നെയാണ് അവസാന ലൊക്കേഷനായി കാണിക്കുന്നത്. ഇവർ സ്വന്തം ഇഷ്ടപ്രകാരം മാറിയതാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് വ്യക്തമല്ല. പാതയോരങ്ങളിലെയും ടോൾ പ്ലാസകളിലെയും സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പിക്കപ്പ് വണ്ടി പോയ വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഷൊർണൂർ പോലീസ്.
Story Summary: A three-member family, including an elderly couple and their son, has gone missing from their locked house in Vaniamkulam, Palakkad. Shoranur Police registered a case and initiated an investigation based on CCTV footage showing their pickup vehicle leaving the house and their switched-off mobile phones.

