ഗാന്ധിനഗർ: ബാങ്കിന്റെ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്ത് 7.34 കോടി രൂപ തട്ടിയെടുത്ത (Gujarat bank fraud) കേസിൽ മൂന്ന് പ്രതികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ‘ദി ഭാവനഗർ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ’ നടന്ന വൻ സാമ്പത്തിക തട്ടിപ്പിലാണ് സൂറത്ത് സ്വദേശികളായ അനിൽ ധർമ്മേഷ്ഭായ് അഗ്രാവത്, ഭൂമിൽ നയൻകുമാർ പട്ടേൽ, വികാസ് പോഖർമാൽ ചൗധരി എന്നിവരെ പോലീസ് വലയിലാക്കിയത്. ഇതോടെ കേസിൽ ഇതുവരെ പിടിയിലായ പ്രതികളുടെ എണ്ണം പത്തായി ഉയർന്നു.
ബാങ്കിന്റെ കോർ ബാങ്കിംഗ് സിസ്റ്റം (CBS) സോഫ്റ്റ്‌വെയറിലെ സുരക്ഷാ പാളിച്ചകൾ മുതലെടുത്താണ് സംഘം ഈ വൻ കൊള്ള നടത്തിയത്. വർഷങ്ങളായി യാതൊരുവിധ ഇടപാടുകളും നടക്കാതെ കിടന്നിരുന്ന നാല് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതികൾ തട്ടിപ്പ് ആസൂത്രണം ചെയ്തതും തുക പിൻവലിച്ചതും. പ്രതികൾ സമാനമായ രീതിയിൽ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും ഹാക്കിങ് നടത്തി പണം തട്ടിയിട്ടുണ്ടോ എന്ന കാര്യത്തെക്കുറിച്ച് പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Summary: Three more individuals have been arrested in connection with a 7.34 crore rupees bank software hacking fraud at The Bhavnagar District Co-operative Bank in Gujarat. The total number of arrests has reached ten, and police are investigating if the suspects targeted other banks using similar methods.

