HomePravasiപ്രവാസി പ്രതിസന്ധി ഗൗരവതരം; പ്രത്യേക സമാശ്വാസ പാക്കേജും പഠന കമ്മിറ്റിയും വേണമെന്ന്...

പ്രവാസി പ്രതിസന്ധി ഗൗരവതരം; പ്രത്യേക സമാശ്വാസ പാക്കേജും പഠന കമ്മിറ്റിയും വേണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ | Kanthapuram AP Aboobacker Musliyar

കോഴിക്കോട്: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം വീണ്ടും അതീവ ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ നിലവിൽ അനുഭവിക്കുന്ന സാമ്പത്തിക-സാമൂഹിക അരക്ഷിതാവസ്ഥ അതീവ ഗൗരവകരമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ (Kanthapuram AP Aboobacker Musliyar). ഇതിന്റെ യഥാർത്ഥ പ്രത്യാഘാതങ്ങൾ കൃത്യമായി അടുത്തറിയാനും അടിയന്തിര സമാശ്വാസ-പുനഃരധിവാസ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാനും പ്രത്യേക പഠന കമ്മിറ്റിക്ക് സംസ്ഥാന സർക്കാർ അടിയന്തരമായി രൂപം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് കാരന്തൂർ മർകസ് ഗ്ലോബൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിപുലമായ പ്രവാസി സമ്മിറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള യുദ്ധപ്രതിസന്ധി കാരണം തൊഴിൽ-വരുമാന നഷ്ടം, ഗൾഫ് നാടുകളിലെ അനിയന്ത്രിതമായ വിലവർധന, സാമ്പത്തിക അസ്ഥിരത, മാനസിക ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി നിരവധി പ്രതിസന്ധികൾക്ക് നടുവിലാണ് ഇന്ന് ഭൂരിഭാഗം ഗൾഫ് പ്രവാസികളുമുള്ളതെന്നും, ഈ സാഹചര്യം അതീവ സൂക്ഷ്മമായി വിലയിരുത്തി പരിഹാരം കാണാൻ സർക്കാർ മുന്നോട്ട് വരണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വികസിത സംസ്ഥാനമാക്കുന്നതിൽ നമ്മുടെ പ്രവാസികൾ നൽകിയ സംഭാവനകൾ വളരെ വലുതാണ്. എന്നാൽ മറ്റു ഇന്ത്യൻ നഗരങ്ങളിലേക്ക് ഈടാക്കുന്നതിനേക്കാൾ നടുവൊടിക്കുന്ന ഉയർന്ന വിമാന നിരക്കാണ് ഗൾഫ് സെക്ടറിൽ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് എപ്പോഴുമുള്ളത്. ഏറ്റവും കൂടുതൽ സ്ഥിരം യാത്രക്കാരുള്ള റൂട്ടായിട്ടും കാലങ്ങളായി പ്രവാസികളോട് ഈ വലിയ അനീതിയും ചൂഷണവും തുടരുകയാണ്. സാധാരണക്കാരായ പ്രവാസികളുടെ കുടുംബ ബഡ്ജറ്റുകളെ ഇത് വല്ലാതെ ബാധിക്കുന്നുണ്ടെന്നും ഏവിയേഷൻ മന്ത്രാലയവുമായി ചേർന്ന് ശാശ്വത പരിഹാരം ഇക്കാര്യത്തിൽ ഉണ്ടാവാൻ സംസ്ഥാന ഭരണകൂടം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം അനിശ്ചിതമായി നീളുന്ന വേളയിൽ പ്രവാസികൾക്കായി പ്രത്യേക സമാശ്വാസ പാക്കേജിന് രൂപം നൽകേണ്ടതുണ്ടെന്നും കാന്തപുരം കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 15 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളും പ്രമുഖ സംഘടനാ നേതാക്കളും ഉൾപ്പെടെ ആയിരത്തിലധികം പേരാണ് ഈ സമ്മിറ്റിൽ പങ്കെടുത്തത്. മർകസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ പ്രവാസി ക്ഷേമം, പ്രവാസികളുടെ സുസ്ഥിരത, മർകസിന്റെ ചരിത്രവും വർത്തമാനവും തുടങ്ങിയ വൈവിധ്യമാർന്ന പ്രമേയങ്ങളെ ആസ്പദമാക്കിയുള്ള പ്രത്യേക ചർച്ചാ സെഷനുകളും നടന്നു.

Story Summary: Kanthapuram A.P. Aboobacker Musliyar has urged the government to set up a special study committee and a relief package to address the severe socio-economic insecurity faced by Gulf expatriates amid the escalating Middle East conflict. Speaking after inaugurating the Pravasi Summit organized by Markaz Global Council in Kozhikode, he highlighted issues like job loss, inflation, financial instability, and mental health challenges affecting non-residents. Kanthapuram also strongly condemned the ongoing injustice of exorbitant airline fares imposed on the Gulf-Kerala sector despite high passenger volumes and demanded a permanent solution. The summit at the Markaz Convention Centre witnessed the participation of over a thousand delegates from 15 countries, focusing on expatriate welfare and sustainability.

Clickable Info Box