ബെംഗളൂരു: എയർ ഇന്ത്യയുടെ ദീർഘദൂര സർവീസുകൾക്കായി ഉപയോഗിക്കുന്ന ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾ അടിയന്തര സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദ്ദേശം. വിമാന എൻജിനുകളിലേക്കുള്ള ഇന്ധന വിതരണം നിയന്ത്രിക്കുന്ന ഫ്യൂവൽ സ്വിച്ചുകൾ പ്രവർത്തനത്തിനിടെ താനേ കട്ട് ഓഫ് ആകുന്നു എന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. (Fuel switches turn off automatically, Air India orders urgent inspection of Boeing 787 aircraft)
ഞായറാഴ്ച ലണ്ടനിലെ ഹീത്രൂവിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനത്തിന് ഇത്തരത്തിൽ ഫ്യൂവൽ സ്വിച്ച് തകരാർ നേരിട്ടു. തിങ്കളാഴ്ച ബെംഗളൂരുവിൽ ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റ് ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ട് നൽകി. കഴിഞ്ഞ ജൂൺ മാസത്തിൽ 269 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടത്തിന് സമാനമായ തകരാറാണ് ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അഹമ്മദാബാദിൽ തകർന്ന വിമാനത്തിന്റെ ഫ്യൂവൽ സ്വിച്ചുകൾ കട്ട് ഓഫ് ആയ നിലയിലായിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
എയർ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് മനീഷ് ഉപ്പാൽ പൈലറ്റുമാർക്കും എൻജിനീയറിംഗ് വിഭാഗത്തിനും പരിശോധനാ നിർദ്ദേശം നൽകി. 787-8 വിഭാഗത്തിലെ സ്വിച്ചുകൾക്കാണ് മുൻഗണന. നിലവിൽ 33 വിമാനങ്ങളാണ് ഈ വിഭാഗത്തിൽ എയർ ഇന്ത്യ സർവീസ് നടത്തുന്നത്. ബോയിംഗ് 787-8: 26 എണ്ണം, ബോയിംഗ് 787-9: 7 എണ്ണം എന്നിങ്ങനെയാണിത്.

