ലോസ് ഏഞ്ചലസ്: അമേരിക്കയിൽ അഭയം തേടിയ ഇറാൻ പൗരന്മാരുടെ അതീവ രഹസ്യ വിവരങ്ങൾ യുഎസ് ഇമിഗ്രേഷൻ ഏജൻസികൾ ഇറാന്റെ ഇസ്ലാമിക് ഭരണകൂടത്തിന് നിയമവിരുദ്ധമായി ചോർത്തി നൽകിയെന്ന് ആരോപിച്ച് ട്രംപ് സർക്കാരിനെതിരെ യുഎസിൽ കടുത്ത നിയമപോരാട്ടം. യുഎസ് ദേശീയ ഇമിഗ്രേഷൻ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ട്രംപ് ഭരണകൂടം നടത്തിയ ഈ നീക്കം ഇറാനികളുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ‘ഇറാനിയൻ അമേരിക്കൻ ലീഗൽ ഡിഫൻസ് ഫണ്ട്’, ‘പബ്ലിക് സിറ്റിസൺ ലിറ്റിഗേഷൻ ഗ്രൂപ്പ്’ എന്നീ സംഘടനകൾ വാഷിംഗ്ടൺ ഡിസിയിലെ യുഎസ് ജില്ലാ കോടതിയിൽ ഹർജി നൽകി.(US Government Sued Illegally Sharing Iranian Asylum Seekers Data With Tehran)
നിലവിൽ യുഎസും ഇറാനും തമ്മിൽ പശ്ചിമേഷ്യയിൽ ശക്തമായ യുദ്ധം നടക്കുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ തമ്മിൽ ഇമിഗ്രേഷൻ തടവിലുള്ള ഇറാനികളെ തിരിച്ചറിയാനും അവരെ നാടുകടത്താനും രഹസ്യമായി കൈകോർത്തു എന്ന ഗുരുതര ആരോപണം പുറത്തുവരുന്നത്. 2025 മാർച്ച് മുതൽ പാകിസ്ഥാൻ എംബസി മധ്യസ്ഥതയാക്കി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇറാൻ ഉദ്യോഗസ്ഥരുമായി പ്രതിമാസ യോഗങ്ങൾ ചേർന്നിരുന്നു. യുഎസിൽ ഇമിഗ്രേഷൻ തടങ്കലിലുള്ള ഇറാനികളുടെയും അവരിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർ, ലൈംഗിക ന്യൂനപക്ഷങ്ങൾ, 2022-ലെ ‘വുമൺ, ലൈഫ്, ഫ്രീഡം’ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ എന്നിവരുടെ അഭയ അപേക്ഷകളിലെ അതീവ രഹസ്യ വിവരങ്ങൾ ഈ യോഗങ്ങളിൽ യുഎസ് കൈമാറി.
കസ്റ്റഡിയിലുള്ള ഇറാൻ അഭയാർത്ഥികളെ ഇറാന്റെ സർക്കാർ പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ യുഎസ് ഇമിഗ്രേഷൻ വിഭാഗം നിർബന്ധിച്ചു. അവരുടെ അഭയ അപേക്ഷകളെക്കുറിച്ച് വ്യക്തമായ ധാരണയോടെയാണ് ഇറാൻ ഉദ്യോഗസ്ഥർ എത്തിയത്. 2026 ഫെബ്രുവരിയിൽ യുഎസ്-ഇസ്രായേൽ സഖ്യം ഇറാന് നേരെ വ്യോമാക്രമണം നടത്തി യുദ്ധം പ്രഖ്യാപിച്ചതിന് ശേഷവും ഈ വിവരങ്ങൾ ചോർത്തൽ തുടർന്നു. ട്രംപിന്റെ വിപുലമായ നാടുകടത്തൽ നയത്തിന്റെ ഭാഗമായി 2025-ൽ മാത്രം 6 ലക്ഷത്തിലധികം കുടിയേറ്റക്കാരെയാണ് യുഎസ് നാടുകടത്തിയത്. ഇതിൽ ഇറാനിലേക്ക് മൂന്ന് പ്രത്യേക വിമാനങ്ങളിലായി നൂറുകണക്കിന് അഭയാർത്ഥികളെ തിരിച്ചയച്ചിരുന്നു.
യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ എന്നിവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ അഭയ അപേക്ഷകരുടെ രഹസ്യ വിവരങ്ങൾ ഇറാന് കൈമാറി എന്ന ആരോപണം യുഎസ് ആഭ്യന്തര സുരക്ഷാ മന്ത്രാലയം പൂർണ്ണമായി നിഷേധിച്ചു. തടവിലുള്ള കുടിയേറ്റക്കാരുടെ യാത്രാ രേഖകൾ ശരിയാക്കുന്നതിനായി അന്താരാഷ്ട്ര നിയമപ്രകാരമുള്ള കൺസുലാർ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും വിവരങ്ങൾ ചോർത്തിയെന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി.
Story Summary
A lawsuit has been filed against the Trump administration alleging that US immigration agencies illegally shared confidential asylum application data of Iranian dissidents with the Iranian government. The lawsuit names Secretary of State Marco Rubio and DHS Secretary Markwayne Mullin as defendants amidst Trump’s aggressive deportation campaign.

