ഭോപ്പാൽ: അടിയന്തര ഘട്ടങ്ങളിൽ ഉടനടി വൈദ്യസഹായം ലഭ്യമാക്കേണ്ട ആംബുലൻസ് സംവിധാനം സമയത്തിന് എത്താതിരുന്നതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ പ്രസവിച്ച നാല് പ്രെമച്യൂർ കുഞ്ഞുങ്ങളും മരിച്ചു. മധ്യപ്രദേശിലെ മണ്ഡ്ല നഗരത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കുഞ്ഞുങ്ങളുടെ അമ്മയായ രജ്നി സിന്ദ്രാം (28) എന്ന യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.(Four Premature Babies Die After Born In Auto Due To Delayed Ambulance In Madhya Pradesh)
നൈഗൻവ ഗ്രാമവാസിയായ രജ്നിക്ക് ചൊവ്വാഴ്ചയാണ് പെട്ടെന്ന് ശക്തമായ പ്രസവവേദന അനുഭവപ്പെട്ടത്. കുടുംബാംഗങ്ങൾ ഉടനടി 108 ആംബുലൻസ് സർവീസിനെ ബന്ധപ്പെട്ടെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും ആംബുലൻസ് എത്തിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. യുവതിയുടെ നില വഷളായതോടെ മറ്റൊരു വഴിയുമില്ലാതെ കുടുംബം ആശാ വർക്കറുടെ സഹായത്തോടെ ഇവരെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി തൊട്ടടുത്തുള്ള ഘൂട്ടാസ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് തിരിച്ചു. അവിടെയെത്തി പ്രാഥമിക ചികിത്സ നൽകിയ ശേഷം ഡോക്ടർമാർ ഇവരെ അടിയന്തരമായി ബിച്ചിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് റെഫർ ചെയ്തു.
എന്നാൽ, ബിച്ചിയ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ച് രജ്നി ഒന്നിനുപിറകെ ഒന്നായി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആശാ വർക്കറുടെ സഹായത്തോടെ ഇവരെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ നടത്തിയ പരിശോധനയിൽ നാല് കുഞ്ഞുങ്ങളും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. യുവതിക്ക് ഏഴ് മാസം മാത്രമേ ഗർഭകാലം ആയിട്ടുണ്ടായിരുന്നുള്ളൂ എന്നും അതിനാൽ കുഞ്ഞുങ്ങളുടെ വളർച്ച പൂർണ്ണമായിരുന്നില്ലെന്നും ബിച്ചിയ ബിഎംഒ ഡോ. അനൂപ് കുമാർ ഭാരതീയ വ്യക്തമാക്കി. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ പ്രസവം നടന്നിരുന്നു. യുവതിക്ക് നിലവിൽ അടിയന്തര ചികിത്സ നൽകിയിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Story Summary
Four premature babies died after a 28-year-old woman gave birth to them inside an auto-rickshaw in Madhya Pradesh’s Mandla district. The family alleged that the tragedy occurred due to a severe delay in the ambulance service, forcing them to rush the woman to the hospital in a private vehicle.

