ബെംഗളൂരുവിൽ അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസിന്റെ വഴി തടഞ്ഞ് ബൈക്ക് യാത്രികരുടെ അഭ്യാസപ്രകടനം. ജൂലൈ 4-ന് പുലർച്ചെ 2.30-ഓടെ ഗോരഗുണ്ടെപാള്യയിൽ നിന്ന് യശ്വന്ത്പൂരിലേക്കുള്ള പാതയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് (Ambulance Blocked By Bikers). ആംബുലൻസിന്റെ സൈറൺ മുഴങ്ങിയിട്ടും അഞ്ച് മുതൽ ആറ് വരെ വരുന്ന ബൈക്ക് സംഘം റോഡ് കൈയടക്കി അഭ്യാസപ്രകടനങ്ങൾ തുടരുകയായിരുന്നു.
ആംബുലൻസിലെ ഡാഷ് ക്യാമിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ ജനരോഷമാണ് ഉയർന്നത്. വിഡിയോയിൽ ആംബുലൻസിനു മുന്നിലായി ബൈക്കുകളിൽ അഭ്യാസപ്രകടനം നടത്തുന്നവരെയും, പിന്നിൽ ഹെൽമെറ്റ് പോലും ധരിക്കാതെ സഹയാത്രികർ ഇരിക്കുന്നതും വ്യക്തമാണ്. രോഗിയുമായി അത്യാവശ്യ ഘട്ടത്തിൽ പോകുന്ന ആംബുലൻസിനെ തടസ്സപ്പെടുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
സംഭവത്തിൽ ബെംഗളൂരു പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും ആംബുലൻസിലെ ഡാഷ് ക്യാം ഫൂട്ടേജുകളും പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. അടിയന്തര സേവനങ്ങൾക്ക് തടസ്സമുണ്ടാക്കിയവർക്കെതിരെ നിയമപ്രകാരമുള്ള കടുത്ത നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ റോഡ് സുരക്ഷാ പരിശോധനകൾ കർശനമാക്കണമെന്നും പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.
Summary: A group of bikers in Bengaluru is facing widespread public outrage after a viral video captured them blocking an ambulance and performing dangerous stunts on the road from Goraguntepalya to Yeshwanthpur in the early hours of July 4. Despite the siren blaring, the riders continued their reckless behavior, severely delaying the critical transit of a patient. The Bengaluru police have registered a suo motu case and are currently using CCTV and dashcam footage to identify and apprehend the suspects.

