ചിക്കാഗോ: യു എസിൻ്റെ250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ ചിക്കാഗോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങിയ യാത്രാവിമാനത്തിൽ പടക്കം ഇടിച്ചു. അത്ലാന്റയിലെ ഹാർട്ട്‌സ്‌ഫീൽഡ്-ജാക്സൺ വിമാനത്താവളത്തിൽ നിന്നും 52 യാത്രക്കാരും 6 ജീവനക്കാരുമായി ചിക്കാഗോ മിഡ്‌വേ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിലാണ് പടക്കം തട്ടിയത്. ശനിയാഴ്ച രാത്രിയായിരുന്നു ഈ സംഭവം ഉണ്ടായത്.(Delta Air Lines Plane Struck By Fireworks While Landing At Chicago Airport During US 250th Independence Day)
റൺവേയ്ക്ക് തൊട്ടടുത്ത് വെച്ച് വിമാനം താഴേക്ക് ഇറങ്ങുന്നതിനിടയിലാണ് വിമാനത്തിൽ പടക്കം വന്ന് തട്ടിയതെന്ന് എയർലൈൻ വക്താവ് സ്ഥിരീകരിച്ചു. എന്നാൽ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വിമാനം സുരക്ഷിതമായി റൺവേയിൽ ഇറക്കാനും യാത്രക്കാരെ ഗേറ്റിലേക്ക് മാറ്റാനും സാധിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഡെൽറ്റ ഫ്ലൈറ്റ് 1076 അത്ലാന്റയിൽ നിന്നും രാത്രി 7.51-നാണ് പുറപ്പെട്ടത്. രാത്രി 8.33-ഓടെ ചിക്കാഗോയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ്, ഏകദേശം 200 അടി ഉയരത്തിൽ വെച്ചാണ് വിമാനത്തിൽ പടക്കം അടിച്ചത്. “ഞങ്ങളുടെ വിമാനത്തിൽ ഒരു പടക്കം വന്നിടിച്ചിരിക്കുന്നു. വിമാനത്തിന് താഴെ വെച്ച് ഒരു മോർട്ടാർ പടക്കം പൊട്ടിയതാണെന്ന് കരുതുന്നു, വലിയൊരു ശബ്ദം ഞങ്ങൾ വ്യക്തമായി കേട്ടു,” പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി സംസാരിക്കുന്ന റേഡിയോ സന്ദേശത്തിൽ പറയുന്നു.
വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് തന്നെ എയർ ട്രാഫിക് കൺട്രോളർമാർ പടക്കങ്ങളെക്കുറിച്ച് പൈലറ്റിന് മുന്നറിയിപ്പ് നൽകിയിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള നിരവധി വീടുകളിൽ നിന്നും വലിയ രീതിയിൽ പടക്കങ്ങൾ പൊട്ടിക്കുന്നുണ്ടെന്നും, നഗരസഭാ അധികൃതർക്ക് വിവരം നൽകിയിട്ടുണ്ടെന്നും എടിസി ഓഫീസർ പൈലറ്റിനോട് പറയുന്നതും ഓഡിയോയിലുണ്ട്. സംഭവത്തിൽ വിമാനത്തിന്റെ പെയിന്റിന് നേരിയ കേടുപാടുകൾ മാത്രമാണ് സംഭവിച്ചതെന്നും വലിയ മറ്റ് തകരാറുകൾ ഒന്നും തന്നെ പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും ചിക്കാഗോ പോലീസ് അറിയിച്ചു.
Story Summary
A Delta Air Lines Airbus A319 carrying 58 people was struck by fireworks at an altitude of 200ft while preparing to land at Chicago’s Midway International Airport on Saturday night. The incident occurred during the US 250th Independence Day celebrations, but the aircraft landed safely with no injuries and only minor paint damage.

