തിരുവനന്തപുരം: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആരോഗ്യ-ടെക്നോളജി കമ്പനിയായ ’കോറോഹെൽത്ത്’ (CorroHealth Mass Layoff Kerala) കേരളത്തിലെ തങ്ങളുടെ ഓഫീസുകളിൽ നിന്ന് എണ്ണൂറോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകളുടെ മറവിലാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി. 750-ൽ അധികം തൊഴിലാളികളെയാണ് കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റയടിക്ക് കമ്പനി പിരിച്ചുവിട്ടത്. കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡിലൂടെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ പൂർണ്ണമായും അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
നൂറോ അതിൽ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടാനോ ജീവനക്കാരെ പിരിച്ചുവിടാനോ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിയമമാണ് പുതിയ ലേബർ കോഡിലൂടെ 300 എന്ന പരിധിയിലേക്ക് കേന്ദ്രം ഉയർത്തിയത്. ഇതിന്റെ തത്സമയ ഫലമാണ് ഇപ്പോൾ കോറോ ഹെൽത്തിൽ കാണുന്നതെന്ന് ശിവൻകുട്ടി പറഞ്ഞു. കടുത്ത തൊഴിൽ ചൂഷണത്തിനെതിരെ പ്രതികരിച്ച തൊഴിലാളികളെ മാനേജ്മെന്റ് കൈകാര്യം ചെയ്ത രീതിയും ഒട്ടും അംഗീകരിക്കാനാകില്ല. തൊഴിൽ നിയമങ്ങളെ പൂർണ്ണമായും കാറ്റിൽ പറത്തി, ഏകപക്ഷീയമായി നടത്തുന്ന ഇത്തരം കൂട്ടപ്പിരിച്ചുവിടലുകൾ കേരളം പോലുള്ള ഒരു സംസ്ഥാനം ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ഐടി ഹബ്ബുകളിലെ ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങളിൽ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന ഇത്തരം തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരെ സിഐടിയു അതിശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകും. ഐടി, ഐടി അനുബന്ധ മേഖലകളിൽ ശക്തമായ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ ഇല്ലാത്തതാണ് മാനേജ്‌മെന്റുകൾക്ക് ഇത്തരം തൊഴിലാളി വിരുദ്ധ നടപടികൾ ധൈര്യപൂർവ്വം സ്വീകരിക്കാൻ കാരണമാകുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഈ മേഖലയിൽ ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങൾ ഉയർന്നു വരേണ്ടത് അനിവാര്യമാണ്.
കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡുകൾ നിലവിൽ പൂർണ്ണമായി നടപ്പിലാകാത്ത സാഹചര്യത്തിൽ, നിലവിലുള്ള ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് (Industrial Disputes Act) പ്രകാരം ഇത്തരം നിയമവിരുദ്ധ പിരിച്ചുവിടലുകൾക്കെതിരെ ശക്തമായി പോരാടാൻ തൊഴിലാളികൾക്ക് നിയമപരമായ അവകാശമുണ്ട്. ഈ നിയമത്തിലെ ചാപ്റ്റർ വി-ബി (Chapter V-B) പ്രകാരം നൂറോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ലേ-ഓഫ് ചെയ്യാനോ, തൊഴിലാളികളെ പിരിച്ചുവിടാനോ, സ്ഥാപനം പൂട്ടിപ്പൂട്ടാനോ സർക്കാരിന്റെ മുൻകൂർ അനുമതി കർശനമായും വാങ്ങിയിരിക്കണം. കോറോ ഹെൽത്ത് മാനേജ്‌മെന്റ് ഈ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് തൊഴിലാളികളെ പുറത്താക്കിയത് എന്നതിനാൽ ഇത് വ്യക്തമായ നിയമലംഘനമാണ്.
അതിനാൽ, ഈ നിയമവിരുദ്ധ പിരിച്ചുവിടലിനെതിരെ ലേബർ കമ്മീഷണർക്കും ലേബർ കോടതികൾക്കും മുന്നിൽ ‘ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്’ ആയി വിഷയം ഉന്നയിക്കാനും, തൊഴിലാളികളെ തിരിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനും സിഐടിയു മുൻകൈ എടുക്കുമെന്ന് ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്ര ലേബർ കോഡുകളെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് വി. ഗോപാലഗൗഡ അധ്യക്ഷനായ സമിതിയെ നിയമിച്ചിരുന്നു. ഈ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ബിഎംഎസ് (BMS) ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളുടെയും അനുമതിയോടെയാണ് എൽഡിഎഫ് സർക്കാർ ഈ കാര്യത്തിൽ നിലപാട് എടുത്തിട്ടുള്ളത്. അതിനാൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കാൻ സർക്കാർ മടിക്കാതെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
Story Summary:
CITU State Secretary V. Sivankutty strongly condemned US-based healthcare tech firm CorroHealth for abruptly terminating around 800 employees from its offices in Kerala, alleging that the company exploited the Central Government’s new labour codes. He stated that raising the threshold for government approval for layoffs from 100 to 300 employees under the new codes has severely undermined worker security. Asserting that the new codes have not been fully implemented yet, Sivankutty said CITU will take legal action under Chapter V-B of the Industrial Disputes Act before Labour Courts and launch statewide protests against anti-worker practices in the IT sector. He also urged the state government to take swift action based on the Justice V. Gopala Gowda committee report.

