കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ (AMMA) ആഭ്യന്തര തർക്കങ്ങൾ പുതിയ പോർമുഖങ്ങളിലേക്ക് വഴിമാറുന്നു (Ansiba Hassan Interview Shwetha Menon Post). അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതി പൂട്ടchunk ഇട്ടതിന് പിന്നാലെ പ്രസിഡന്റ് ശ്വേതാ മേനോൻ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് കടുത്ത മറുപടിയുമായി നടി അൻസിബ ഹസ്സൻ രംഗത്ത്. സംഘടനയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കരുതെന്നും നിലപാടിൽ ഉറച്ചുനിൽക്കണമെന്നും മമ്മൂട്ടിയും മോഹൻലാലും തന്നോട് ആവശ്യപ്പെട്ടതായുള്ള ശ്വേതാ മേനോന്റെ അവകാശവാദത്തെ അൻസിബ പൂർണ്ണമായി തള്ളി. ഈ വിഷയത്തിൽ മമ്മൂട്ടിയും മോഹൻലാലും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അക്കാര്യം അവർ രണ്ടുപേരും നേരിട്ടുവന്ന് പരസ്യമായി പറയട്ടെയെന്നും അതുവരെ ശ്വേതയുടെ വാക്കുകൾ വിശ്വസിക്കില്ലെന്നും അൻസിബ തുറന്നടിച്ചു. നടൻ ടിനി ടോമിനെതിരായ പരാതിയിൽ കടവന്ത്ര പോലീസിന് ഔദ്യോഗികമായി മൊഴി നൽകാൻ എത്തിയപ്പോഴാണ് അൻസിബ മാധ്യമങ്ങളോട് കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെയാണ് ശ്വേത വിവാദ പ്രതികരണവുമായി എത്തിയത്. മമ്മൂക്കയും ലാലേട്ടനും തന്നോട് രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടെന്നും, ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല ‘അമ്മ’ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കേണ്ടതെന്നും അവർ കുറിച്ചിരുന്നു. ഇതിനാണ് അൻസിബ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. “ശ്വേതാ മേനോന്റെ വാക്കുകളിൽ എനിക്കൊരു വിശ്വാസവുമില്ല. അങ്ങനെ വിശ്വസിക്കണമെങ്കിൽ മമ്മൂക്കയും ലാലേട്ടനും പരസ്യമായി വന്ന് പറയട്ടെ. പ്രാഥമിക അന്വേഷണം വന്നപ്പോൾ പോലീസിന് കൃത്യമായി മൊഴി നൽകിയിട്ടുണ്ടായിരുന്നു. അതേ മൊഴി തന്നെയാണ് വീണ്ടും കൊടുക്കാൻ പോകുന്നത്,” അൻസിബ വ്യക്തമാക്കി.
ഇതോടൊപ്പം രമേഷ് പിഷാരടിയുമായി ബന്ധപ്പെട്ട് ഉയർന്ന പുതിയ മാപ്പ് വിവാദത്തിലും അൻസിബ കൃത്യമായ വിശദീകരണം നൽകി. “രമേഷ് പിഷാരടിയല്ല എന്നോട് മാപ്പെഴുതിത്തരണമെന്ന് ആവശ്യപ്പെട്ടത്. അത് ഞാൻ നേരത്തേ സംസാരിച്ചപ്പോൾ വ്യക്തമാകാതെ പോയതായിരിക്കും. അമ്മയിലെ തർക്കപരിഹാരത്തിന് വേണ്ടി മാത്രമാണ് രമേഷ് പിഷാരടി എന്നോട് സംസാരിച്ചത്. അവർ (എതിർകക്ഷികൾ) പറഞ്ഞതിൻപ്രകാരമാണ് പിഷാരടി മാപ്പിന്റെ കാര്യം സംസാരിക്കുകയുമായിരുന്നു. എന്നോട് മാപ്പെഴുതിത്തരണമെന്ന് നേരിട്ട് പറഞ്ഞത് എതിർകക്ഷികളാണ്. മുൻപ് ഞാൻ സംസാരിച്ച സമയത്ത് ‘അവർ’ എന്ന വാക്ക് വിട്ടുപോയതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്,” അൻസിബ കൂട്ടിച്ചേർത്തു.
നേരത്തെ, ശ്വേതാ മേനോൻ നൽകിയ ഹർജിയിൽ രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എറണാകുളം മുൻസിഫ് കോടതി താല്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് അടുത്ത തിരഞ്ഞെടുപ്പ് വരെ ശ്വേതയുടെ നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിക്ക് തന്നെ ഭരണം തുടരാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ അഡ്‌ഹോക് കമ്മിറ്റിയിൽനിന്ന് രമേഷ് പിഷാരടി രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ അൻസിബയുടെ നേതൃത്വത്തിലുള്ള നടിമാരുടെ വിഭാഗം നാളെ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചിരിക്കെയാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്.
Story Summary:
Actress Ansiba Hassan has openly challenged AMMA President Shwetha Menon’s social media claims that Megastars Mammootty and Mohanlal asked her not to resign. Talking to the media while arriving at the Kadavanthra Police Station to give a statement against Tini Tom, Ansiba stated she wouldn’t believe these claims unless both veterans stated it publicly. She also clarified the controversy involving Ramesh Pisharody, noting that it was the opposing party, not Pisharody, who demanded a written apology from her.

