കോഴിക്കോട്: താമരശ്ശേരി നഗരമധ്യത്തിൽ ജനത്തിരക്കേറിയ സമയത്ത് ബേക്കറിയിലേക്ക് കാട്ടുപന്നി പാഞ്ഞുകയറി. ദേശീയപാതയോരത്ത് പോസ്റ്റ് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ‘ജനതാ ബേക്കറി’യിലേക്കാണ് ഉച്ചയ്ക്ക് ഒരു മണിയോടെ പന്നി ഓടിക്കയറിയത്. അപ്രതീക്ഷിതമായി കടയ്ക്കുള്ളിലെത്തിയ പന്നിയെ കണ്ട് എല്ലാവരും പരിഭ്രാന്തരായി.(Wild boar attacks bakery in Thamarassery)
കടയ്ക്കുള്ളിലെ പലഹാരക്കൂടുകൾക്കിടയിൽ കുടുങ്ങിയ പന്നിയെ നാട്ടുകാരും കടക്കാരും ചേർന്നാണ് ഏറെ പണിപ്പെട്ട് പുറത്തിറക്കിയത്. കടയിൽ നിന്നും പുറത്തേക്ക് ഓടിയ പന്നി റോഡിലുണ്ടായിരുന്ന സ്വകാര്യ ബസ്സിലും കാറിലും പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലും ഇടിച്ചു. തുടർന്ന് സമീപത്തെ ഇടവഴിയിലൂടെ ഓടിമറഞ്ഞു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും തിരക്കേറിയ നഗരമധ്യത്തിൽ പട്ടാപ്പകൽ കാട്ടുപന്നി ഇറങ്ങിയത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.വന്യജീവി ശല്യം രൂക്ഷമാകുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

