ടെഹ്റാൻ: ആഗോള ചരക്കുഗതാഗതത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ (Strait of Hormuz) വീണ്ടും കപ്പൽ അപകടം (Strait of Hormuz Ship Accident). കടുത്ത അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഉണ്ടായ അമേരിക്ക-ഇറാൻ സമാധാന ധാരണയ്ക്ക് തൊട്ടുപിന്നാലെ, പ്രദേശത്ത് ഭാഗികമായി ചരക്കുഗതാഗതം പുനഃസ്ഥാപിച്ച പശ്ചാത്തലത്തിലാണ് വിദേശ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടതായുള്ള നിർണ്ണായക വിവരങ്ങൾ പുറത്തുവരുന്നത്.
മേഖലയിലെ സുരക്ഷിതമായ യാത്രയ്ക്കായി ഇറാൻ നാവികസേന നിർദ്ദേശിച്ച പ്രത്യേക റൂട്ട് അവഗണിച്ച് മുന്നോട്ട് നീങ്ങിയ കപ്പലാണ് ഹോർമുസിലെ അപകടകരമായ മണൽത്തിട്ടയിൽ (Sandbank) ഇടിച്ചുകയറിയത്. മണൽത്തിട്ടയിൽ ഉറച്ചുപോയ കപ്പലിനെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ അപകടത്തിൽപ്പെട്ട കപ്പൽ ഏത് രാജ്യത്തിന്റേതാണെന്നോ, ഇതിലുണ്ടായിരുന്ന ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചോ ഉള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
അതേസമയം, യുദ്ധസാഹചര്യങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ മുൻപ് സ്ഥാപിക്കപ്പെട്ടിട്ടുള്ള സമുദ്ര മൈനുകൾ (Sea Mines) പൂർണ്ണമായി നീക്കം ചെയ്യുക എന്നത് അതീവ സങ്കീർണ്ണമായ ദൗത്യമാണെന്ന് മധ്യസ്ഥശ്രമങ്ങൾക്ക് മുൻകൈയെടുക്കുന്ന ഖത്തർ വ്യക്തമാക്കി. കപ്പലുകളുടെ സുഗമമായ യാത്രയ്ക്ക് ഈ മൈനുകൾ വലിയ ഭീഷണിയാണെന്നും ഇവ സുരക്ഷിതമായി നീക്കം ചെയ്യാൻ അന്താരാഷ്ട്ര സമുദ്ര വിദ്ഗധരുടെ അടിയന്തര സേവനം ആവശ്യമാണെന്നും ഖത്തർ ഓർമ്മിപ്പിച്ചു. ഇതിനൊപ്പം, അമേരിക്ക-ഇറാൻ സമാധാന ധാരണയുടെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ നേരിട്ടുള്ള യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര കപ്പൽച്ചാലിലെ പുതിയ അപകടം ആഗോള ഇന്ധന വിപണിയെയും ചരക്കുകൂലിയെയും വീണ്ടും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
Story Summary:
A foreign cargo ship ran aground on a sandbank in the Strait of Hormuz after ignoring the route designated by Iran, shortly after shipping resumed following the US-Iran peace understanding. Meanwhile, Qatar stated that clearing sea mines from the strait is highly complex, requiring international expertise, and noted that no direct US-Iran talks are currently taking place.

