ഫിഫ ലോകകപ്പ് 2026-ൽ ഫ്രാൻസിന് മുൻതൂക്കമുണ്ടെന്ന അഭിപ്രായങ്ങളെ തള്ളി സ്പെയിനിന്റെ യുവതാരം ലമിൻ യമാൽ. വരാനിരിക്കുന്ന നോക്കൗട്ട് മത്സരങ്ങളിൽ ഇരുടീമുകളും തുല്യശക്തികളാണെന്നും, ആരെയും ഫേവറിറ്റുകളായി കാണേണ്ടതില്ലെന്നും യമാൽ പറഞ്ഞു (Lamine Yamal Big Remark). എൽ പാർട്ടിഡാസോ ഡി കോപ്പെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്പെയിൻ താരം തന്റെ നിലപാട് വ്യക്തമാക്കിയത്. “യൂറോ കപ്പിന് ശേഷം അവർ ഞങ്ങളെ തോൽപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഫ്രാൻസ് ഞങ്ങളേക്കാൾ മികച്ചവരാണെന്ന് ഞാൻ കരുതുന്നില്ല,” യമാൽ പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനങ്ങൾക്ക് നോക്കൗട്ട് റൗണ്ടുകളിൽ വലിയ പ്രസക്തിയില്ലെന്ന് യമാൽ അഭിപ്രായപ്പെട്ടു. “ഫ്രാൻസ് മികച്ച ഫോമിലാണ് കളിക്കുന്നത്, നല്ല താരനിരയും അവർക്കുണ്ട്. എന്നാൽ അവർ ആർക്കും മുകളിലല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷത്തെ ലോകകപ്പ് കിരീടം താൻ നേടുമെന്ന വലിയൊരു സ്വപ്നവും ബാഴ്സലോണയുടെ ഈ കൗമാരതാരം പങ്കുവെച്ചു.
ഈ ലോകകപ്പിൽ കേപ് വെർദെയുമായുള്ള സമനിലയോടെ തുടങ്ങിയ സ്പെയിൻ, പിന്നീട് സൗദി അറേബ്യയെ 4-0 എന്ന സ്കോറിന് തകർത്ത് ശക്തമായി തിരിച്ചുവന്നു. ഉറുഗ്വായ്ക്കെതിരായ നിർണായക മത്സരത്തിൽ 1-0 ന് വിജയിച്ച് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. ജൂലൈ മൂന്നിന് ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ ഓസ്ട്രിയയാണ് സ്പെയിനിന്റെ എതിരാളികൾ. അതേസമയം, സ്വീഡനെ 3-0 ന് തകർത്ത് കിലിയൻ എംബപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രാൻസ് പ്രീക്വാർട്ടറിലേക്ക് ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു.
Summary: Spanish star Lamine Yamal has dismissed the notion that France holds an advantage in the ongoing FIFA World Cup 2026, asserting that Spain is equally capable. Despite France’s impressive form, including Kylian Mbappe’s brace against Sweden, Yamal emphasized that the knockout rounds represent a fresh challenge. Spain is set to face Austria in the Round of 32 on July 3, while France has already secured their place in the Round of 16.

