തിരുവനന്തപുരം: കേരളത്തിൽ ജൂൺ മാസത്തിന് പിന്നാലെ ജൂലൈ മാസത്തിലും സാധാരണയേക്കാൾ കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala Monsoon Update). പസഫിക് സമുദ്രത്തിൽ നിലനിൽക്കുന്ന ശക്തമായ ‘എൽ നിനോ’ (El Nino) സാഹചര്യമാണ് സംസ്ഥാനത്ത് കാലവർഷം ദുർബലമാകാൻ പ്രധാന കാരണമെന്നും കാലാവസ്ഥാ പ്രവചനത്തിൽ വ്യക്തമാക്കുന്നു.
എൽ നിനോ പ്രതിഭാസം സജീവമായതിനെ തുടർന്ന് സംസ്ഥാനത്ത് ജൂൺ മാസത്തിൽ പ്രതീക്ഷിച്ച അളവിൽ മഴ ലഭിച്ചിരുന്നില്ല. ഇത് വരും മാസങ്ങളിൽ കാർഷിക മേഖലയെയും ജലസംഭരണികളിലെ നീരൊഴുക്കിനെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. വരും മാസങ്ങളിൽ എൽ നിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
അതേസമയം, കാലവർഷത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമായ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) ഇപ്പോൾ നിഷ്പക്ഷ (Neutral) സ്ഥിതിയിലാണ് തുടരുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉൾപ്പെടെയുള്ള ആഗോള കാലാവസ്ഥാ മോഡലുകളുടെ പ്രവചനപ്രകാരം, ഈ ന്യൂട്രൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ സ്ഥിതി ഈ വർഷത്തെ മുഴുവൻ കാലവർഷ സീസണിലും തുടരാനാണ് സാധ്യത. സാധാരണയായി പോസിറ്റീവ് ഐ.ഒ.ഡി ലഭിച്ചാൽ എൽ നിനോയുടെ ആഘാതം കുറയാൻ സഹായിക്കാറുണ്ട്. എന്നാൽ ഇത് ന്യൂട്രൽ ആയി തുടരുന്നതും എൽ നിനോ ശക്തിപ്രാപിക്കുന്നതും കേരളത്തിൽ വരും ദിവസങ്ങളിലും മഴ ഗണ്യമായി കുറയാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
Story Summary:
The India Meteorological Department (IMD) has predicted below-normal rainfall for Kerala in July due to the prevailing El Nino conditions. While June also witnessed a deficit in monsoon showers, global weather models indicate that the Indian Ocean Dipole (IOD) will remain neutral throughout the season.

