കൊല്ലം: മദ്യത്തിനൊപ്പം ടച്ചിങ്‌സ് നല്‍കിയില്ലെന്ന് ആരോപിച്ച് കൊല്ലം തേവലക്കരയിലെ ബാറിൽ യുവാക്കളും ജീവനക്കാരും തമ്മിൽ വൻ സംഘർഷം (Kollam Bar Clash). കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുൻപ് അരങ്ങേറിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ബാറിലെത്തിയ പ്രദേശവാസികളായ യുവാക്കളെ അന്യസംസ്ഥാനക്കാരായ ജീവനക്കാർ ഹോക്കിസ്റ്റിക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
പ്രദേശവാസികളായ രണ്ട് യുവാക്കൾ മറ്റൊരു ബാറിൽ പോയി മദ്യപിച്ച ശേഷമാണ് തേവലക്കരയിലെ ഈ ബാറിലെത്തിയത്. തുടർന്ന് ഓർഡർ ചെയ്ത മദ്യത്തിനൊപ്പം കഴിക്കാൻ ടച്ചിങ്സ് ആവശ്യപ്പെട്ടു. എന്നാൽ ടച്ചിങ്സ് നൽകാൻ കഴിയില്ലെന്ന് ജീവനക്കാർ വ്യക്തമാക്കിയതോടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. തങ്ങൾ ടച്ചിങ്സ് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും എന്നാൽ ബാർ ജീവനക്കാരാണ് ആദ്യം തങ്ങളെ മർദ്ദിക്കാൻ തുടങ്ങിയതെന്നും പരിക്കേറ്റ യുവാക്കൾ പറയുന്നു. ജീവനക്കാർ കൂട്ടംചേർന്ന് ഹോക്കിസ്റ്റിക്കും വടികളും ഉപയോഗിച്ച് യുവാക്കളെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ ബാറിലെ സിസിടിവിയിലും മൊബൈൽ ക്യാമറകളിലും വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ യുവാക്കൾ തെക്കുംഭാഗം പോലീസിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ബാർ ഉടമകളും പോലീസും ചേർന്ന് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. സംഭവം വലിയ രീതിയിൽ വിവാദമാവുകയും മാധ്യമങ്ങളിൽ വാർത്ത വരികയും ചെയ്തതോടെ, ഒടുവിൽ ബാറിലെ 7 ജീവനക്കാർക്കെതിരെ കേസെടുക്കാൻ തെക്കുംഭാഗം പോലീസ് നിർബന്ധിതരാവുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
Story Summary:
A violent clash erupted at a bar in Thevalakkara, Kollam, after employees allegedly refused to serve ‘touchings’ (snacks) with liquor to two local youths. Following public outrage over police inaction and viral video footage of workers beating the youths with hockey sticks, Thekkumbhagom police registered a case against seven bar employees.

