കൊല്ലം: കൊല്ലം ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽ നാട്ടുകാർക്ക് ഭീഷണിയായ തെരുവ് നായയെ വെടിവെച്ചുകൊന്നു (Kollam Stray Dog Attack). പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലൂവിളയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഈ നടപടി സ്വീകരിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശവാസികളുടെ ജീവന് വൻ ഭീഷണിയുയർത്തിയ അക്രമാസക്തനായ നായയെയാണ് ഒടുവിൽ വെടിവെച്ച് വീഴ്ത്തിയത്.
ഇടമുളയ്ക്കൽ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരെ ഈ നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. നായയെ പ്രദേശത്ത് നിന്ന് ഓടിക്കാനും പിടികൂടാനും നാട്ടുകാരും അധികൃതരും പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. നായയുടെ ആക്രമണം തുടർച്ചയായതോടെയാണ് പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി നായയെ വെടിവെക്കാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തീരുമാനിച്ചത്. തുടർന്ന് പ്രൊഫഷണൽ ഷൂട്ടറെ എത്തിച്ച്, വാർഡ് മെമ്പറുടെ സാന്നിധ്യത്തിലാണ് നായയെ വെടിവെച്ചുകൊന്നത്.
മനുഷ്യജീവന് അതീവ ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ അക്രമകാരികളായ തെരുവ് നായകളെ ദയവധം ചെയ്യാൻ സുപ്രീം കോടതി മുൻപ് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരുന്നു. തെരുവ് നായകളുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർദ്ധിക്കുകയും, നിരന്തരമായ ആക്രമണങ്ങളിലൂടെ പൊതുജന സുരക്ഷ തകരുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ മുൻസിപ്പൽ കോർപ്പറേഷനുകൾക്കും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇത്തരം കർശന നടപടികളിലേക്ക് കടക്കാമെന്ന കോടതി വിധി ചൂണ്ടിക്കാണിച്ചാണ് പഞ്ചായത്ത് ഈ നടപടിയെ ന്യായീകരിക്കുന്നത്.
Story Summary:
The Edamulakkal Grama Panchayat in Kollam took strict action by shooting dead a violent stray dog that had attacked three people, including children. Panchayat President Liju Aluvila led the initiative, citing the Supreme Court’s guidelines that permit local bodies to humanely euthanize stray dogs when they pose a direct threat to human life.

