കൊച്ചി: പ്രമുഖ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റർ മെഡ്സിറ്റി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിഭാഗത്തിന്റെ വിജയകരമായ പത്താം വാർഷികം ആഘോഷിച്ചു (Aster Medcity). ഇതുവരെ 640-ലധികം വിജയകരമായ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ആസ്റ്റർ ഇന്റഗ്രേറ്റഡ് ലിവർ കെയർ വിഭാഗം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കേരളത്തിലെ ഏറ്റവും വലിയ സമഗ്ര ട്രാൻസ്പ്ലാന്റ് സെന്ററുകളിലൊന്നാണ്. എറണാകുളം എം. പി. ഹൈബി ഈഡൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പത്താം വാർഷികവും 640-ലധികം വിജയകരമായ ശസ്ത്രക്രിയകളും എന്നത് വലിയൊരു നാഴികക്കല്ലാണെന്ന് ഹൈബി ഈഡൻ പറഞ്ഞു. ഒട്ടനവധി കുടുംബങ്ങൾക്ക് പുതുജീവൻ നൽകുന്നതിനും മികച്ച മെഡിക്കൽ സേവനങ്ങൾ നടപ്പിലാക്കുന്നതിനുമായി ആസ്റ്റർ മെഡ്സിറ്റി സമർപ്പിച്ച ഒരു പതിറ്റാണ്ടിന്റെ തെളിവാണ് ഈ നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക മെഡിക്കൽ ചരിത്രത്തിൽ തന്നെ ഇടംനേടിയ നിരവധി അപൂർവ്വ ശസ്ത്രക്രിയകൾക്ക് ആസ്റ്റർ മെഡ്സിറ്റി സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയിൽ ജീവനുള്ള ദാതാവിൽ നിന്നും ഒരേസമയം കരൾ, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ഈ സെന്റർ ചരിത്രം കുറിച്ചിരുന്നു. കൂടാതെ, കരൾ മാറ്റിവെക്കലിന് വിധേയരായ ആദ്യത്തെ ഇരട്ടക്കുട്ടികളെ വിജയകരമായി ചികിത്സിച്ചതും ഇന്ത്യയിലെ ആദ്യത്തെ ‘ലിവർ ഗ്രാഫ്റ്റ് റീയൂസ്’ (കരൾ ഗ്രാഫ്റ്റ് പുനരുപയോഗം) നടപ്പിലാക്കിയതും ഇവിടെയാണ്. രക്തം സ്വീകരിക്കാത്ത യഹോവയുടെ സാക്ഷികളായ മൂന്ന് രോഗികൾക്ക് സങ്കീർണ്ണവും രക്തരഹിതവുമായ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കാനും ആശുപത്രിക്ക് സാധിച്ചു.
ആരോഗ്യത്തിന്റെയും പ്രത്യാശയുടെയും മികച്ചൊരു പാരമ്പര്യം കെട്ടിപ്പടുക്കാൻ ഒന്നിച്ച് പ്രവർത്തിച്ച രോഗികൾ, അവരുടെ കുടുംബങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന സമൂഹത്തിന്റേതാണ് ഈ പത്ത് വർഷത്തെ വിജയമെന്ന് സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു.
അത്യാധുനിക റോബോട്ടിക്, ലാപ്രോസ്കോപ്പിക് സാങ്കേതികവിദ്യയുടെ പിന്തുണയോടെയാണ് ഇത്തരം കടുത്ത വെല്ലുവിളികൾ നിറഞ്ഞ ശസ്ത്രക്രിയകൾ ഇവിടെ കൈകാര്യം ചെയ്യുന്നത്. രക്തഗ്രൂപ്പുകൾ പൊരുത്തപ്പെടാത്ത (ABO-Incompatible) കരൾ മാറ്റിവെക്കലിനായുള്ള പ്രത്യേക പ്രോട്ടോക്കോളുകളും ഇതിൽ ഉൾപ്പെടുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കൃത്യമായ പരിചരണത്തിനായി അത്യാധുനിക ലിവർ ട്രാൻസ്പ്ലാന്റ് ഇന്റൻസീവ് കെയർ യൂണിറ്റും (ICU), രോഗികളുടെ സമഗ്ര പുനരധിവാസത്തിനായി ഫിസിക്കൽ, ഒക്യുപേഷണൽ തെറാപ്പികളും ലഹരിവിമുക്ത സേവനങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
Story Summary:
Aster Medcity celebrated the 10th anniversary of its Integrated Liver Care department, marking over 640 successful liver transplants. Ernakulam MP Hibi Eden inaugurated the milestone event, which highlighted the center’s pioneering achievements in complex and rare pediatric and adult transplant surgeries.

