വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലുള്ള ‘ബോംബെ ബൈറ്റ്സ്’ എന്ന ഇന്ത്യൻ റസ്റ്റോറന്റിൽ ഒരുകൂട്ടം ആളുകൾ അഴിഞ്ഞാടിയതായി പരാതി. റസ്റ്റോറന്റിലെ ഡൈനിംഗ് ഏരിയയിൽ വെച്ച് കുട്ടികൾ ടിഷ്യൂ പേപ്പറുകൾ വലിച്ചെറിയുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത് (Indian Family Vandalism Vietnam). കുട്ടികളെ നിയന്ത്രിക്കാൻ ആവശ്യപ്പെട്ട ജീവനക്കാരോട് കുടുംബം മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ഉടമ ഐശ്വര്യ ഖന്ന സിംഗ് ആരോപിക്കുന്നത്.
ജീവനക്കാരെ അപമാനിക്കുകയും റസ്റ്റോറന്റിലെ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്ത കുടുംബം, തങ്ങൾ ഇൻഫ്ലുവൻസർമാരാണെന്ന് പറഞ്ഞ് അധികാരം കാണിക്കാൻ ശ്രമിച്ചതായും ഉടമ വെളിപ്പെടുത്തി. “റസ്റ്റോറന്റ് ഒരു കളിസ്ഥലമല്ല. ഇൻഫ്ലുവൻസർ ആയതുകൊണ്ട് ആർക്കും മാന്യതയില്ലാതെ പെരുമാറാൻ അവകാശമില്ല,” എന്ന് ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ റസ്റ്റോറന്റ് അധികൃതർ ശേഖരിച്ചിട്ടുണ്ട്.
സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ പാലിക്കേണ്ട ടൂറിസ്റ്റ് മര്യാദകളെക്കുറിച്ചും, മക്കളെ വളർത്തുന്നതിൽ മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും പലരും സോഷ്യൽ മീഡിയയിൽ ചോദ്യം ഉയർത്തുന്നു. ഇത്തരം പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്നും, റസ്റ്റോറന്റ് ഉടമകൾ പോലീസിൽ പരാതിപ്പെടണമായിരുന്നുവെന്നുമാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. അതിഥികളോട് മാന്യമായി പെരുമാറാൻ ജീവനക്കാർ കടപ്പെട്ടിരിക്കുന്നതുപോലെ തന്നെ, മാന്യമായി പെരുമാറാൻ അതിഥികളും ബാധ്യസ്ഥരാണെന്ന് റസ്റ്റോറന്റ് അധികൃതർ തങ്ങളുടെ കുറിപ്പിൽ ഓർമ്മിപ്പിച്ചു.

