പുനെ: ലോഹഗഡ് കോട്ടയിൽ കാമുകനൊപ്പം ചേർന്ന് പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സിയ ഗോയലിന്റെ അഭിഭാഷകനെ ചൊല്ലി നിയമയുദ്ധം മുറുകുന്നു. സിയയുടെ അഭിഭാഷകനായി താനാണെന്ന് വാദിക്കുന്ന അഡ്വ. അഷുതോഷ് ശ്രീവാസ്തവ, സിയയുടെ സഹോദരൻ സാഹിൽ ഗോയലിന് 10 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചു (Ketan Agarwal Murder Case). സിയ തന്നെ നിയമിച്ചിട്ടില്ലെന്നും അഡ്വ. വിപുൽ ദൂഷിംഗാണ് തങ്ങളെ പ്രതിനിധീകരിക്കുന്നതെന്നും സാഹിൽ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെതിരേയാണ് അഷുതോഷ് ശ്രീവാസ്തവ രംഗത്തെത്തിയത്.
സിയ തന്നെ ഔദ്യോഗികമായി നിയമിച്ചതാണെന്നും അവർ ഒപ്പിട്ട വക്കാലത്ത് തന്റെ കൈവശമുണ്ടെന്നുമാണ് അഡ്വ. അഷുതോഷ് ശ്രീവാസ്തവയുടെ വാദം. എന്നാൽ വടഗോൺ മാവൽ കോടതിയിൽ ഹാജരായപ്പോൾ, “അഷുതോഷ് ശ്രീവാസ്തവ എന്റെ അഭിഭാഷകനല്ല, വിപുൽ ദൂഷിംഗാണ് കേസ് വാദിക്കുന്നത്” എന്ന് സിയ തന്നെ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് തർക്കം കൂടുതൽ സങ്കീർണ്ണമായത്.
തന്റെ ഔദ്യോഗിക പദവിയെ ചോദ്യം ചെയ്യുന്ന തരത്തിൽ സാഹിൽ നടത്തിയ പരാമർശങ്ങൾ തന്റെ പ്രൊഫഷണൽ സൽപ്പേരിന് കോട്ടം വരുത്തിയെന്ന് അഷുതോഷ് ആരോപിക്കുന്നു. മാനസിക വിഷമത്തിനും തൊഴിൽപരമായ നഷ്ടത്തിനും പരിഹാരമായി 7 ദിവസത്തിനുള്ളിൽ 10 കോടി രൂപ നൽകണമെന്നും, 48 മണിക്കൂറിനുള്ളിൽ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. തന്റെ നിയമനം നിയമപരമായി സാധുവാണെന്നും അദ്ദേഹം വാദിക്കുന്നു.
അതേസമയം, കേസിൽ പ്രതികളായ സിയയുടെയും കാമുകൻ ചേതൻ ചൗധരിയുടെയും പോലീസ് കസ്റ്റഡി കോടതി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. കേതനെ കൊലപ്പെടുത്തിയ ശേഷം പാസ്പോർട്ട് നശിപ്പിച്ചതായും മൃതദേഹാവശിഷ്ടങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. കൊലപാതകത്തിന് ശേഷം ചേതൻ വസ്ത്രങ്ങൾ മാറ്റിയതും ഇവർ തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്. കുറ്റകൃത്യം നടന്ന സ്ഥലം ഇരുവരെയും എത്തിച്ച് വീണ്ടും പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
Summary: A legal battle has erupted over the representation of Siya Goyal, the prime accused in the Ketan Agarwal murder case. Advocate Aashuutosh Srivastava has issued a Rs 10-crore defamation notice to Siya’s brother, Sahil, following public statements that Srivastava was not appointed as her lawyer. While Srivastava claims to possess a signed vakalatnama, Siya reportedly denied his appointment in court, asserting that advocate Vipul Dushing is representing her.

