കൊൽക്കത്ത: സംഘടിത സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ നേരിടാൻ ലക്ഷ്യമിട്ടുള്ള ‘വെസ്റ്റ് ബംഗാൾ പബ്ലിക് സേഫ്റ്റി ആൻഡ് കൺട്രോൾ ഓഫ് ആന്റി-സോഷ്യൽ ആക്റ്റിവിറ്റീസ് ബിൽ, 2026’ പശ്ചിമ ബംഗാൾ നിയമസഭ പാസാക്കി. 176 അംഗങ്ങളുടെ പിന്തുണയോടെയാണ് ബിൽ പാസായത്. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെയും സാമൂഹ്യവിരുദ്ധർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഈ നിയമം.(West Bengal Assembly Passes Stringent Public Safety Bill)
പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്ന വ്യക്തികളെ മുൻകൂർ അനുമതിയില്ലാതെ തടങ്കലിൽ വെക്കാൻ സർക്കാരിനും ഉന്നത ഉദ്യോഗസ്ഥർക്കും അധികാരമുണ്ടാകും. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലൂടെ നേടിയതെന്ന് സംശയിക്കുന്ന വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും സ്ഥാവര-ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാരിന് അധികാരം നൽകുന്നു.
അനധികൃത ഖനനം, മണൽ വാരൽ, വനസമ്പത്ത് നശിപ്പിക്കൽ, വന്യജീവി കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം ഇതിന്റെ പരിധിയിൽ വരും. ഈ നിയമപ്രകാരം ചുമത്തുന്ന കുറ്റങ്ങളെല്ലാം ജാമ്യമില്ലാത്തതും പൊലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്നതുമായ കുറ്റങ്ങളായിരിക്കും. ബിൽ നിയമസഭയിൽ അവതരിപ്പിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി, മറ്റ് സംസ്ഥാനങ്ങളിൽ നിലവിലുള്ള നിയമങ്ങളുടെ മാതൃകയിലാണ് ബംഗാളിലും ഇത് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കി. “പൊതുമുതൽ നശിപ്പിക്കുന്നത് അനുവദിക്കാനാവില്ല. ജയിലിൽ അടയ്ക്കുക മാത്രമല്ല, അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
Story Summary
The West Bengal Assembly has passed the Public Safety and Control of Anti-Social Activities Bill, 2026, introducing stringent measures including preventive detention and asset seizure to combat organized crime. Chief Minister Suvendu Adhikari defended the legislation as essential for protecting public order.

