ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ അഴിമതിക്കാരെയും ക്ഷുദ്രശക്തികളെയും തുരത്തുന്ന ‘വിസിൽ ബ്ലോവർ’ ആണ് തന്റെ പാർട്ടിയെന്ന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. ടിവികെയുടെ മൂന്നാം സ്ഥാപക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ചിഹ്നമായ വിസിലിനെ മുൻനിർത്തിയായിരുന്നു വിജയ്യുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ.(The sound of the whistle should drive away evil creatures, says Vijay)
മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പേരെടുത്തു പറഞ്ഞായിരുന്നു വിജയ്യുടെ ഇത്തവണത്തെ കടന്നാക്രമണം. സ്വന്തം മന്ത്രിമാരുടെ പ്രവൃത്തികൾ കാരണം ഉറക്കം നഷ്ടപ്പെട്ടുവെന്ന് ഒരിക്കൽ മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം നന്നായി ഉറങ്ങുന്ന സമയത്ത് പോയി ആരോടാണ് വോട്ട് ചെയ്യേണ്ടതെന്ന് ചോദിക്കണം. ഉറക്കത്തിൽ മനുഷ്യർ സത്യം മാത്രമേ പറയൂ, അദ്ദേഹം തീർച്ചയായും ‘വിസിൽ’ ചിഹ്നത്തിനെന്ന് പറയും, വിജയ് പരിഹസിച്ചു.
തിരുവള്ളുവർ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ അനീതിയും അഴിമതിയും അരാജകത്വവുമാണ് ഡിഎംകെയുടെ മുഖമുദ്രയെന്ന് എഴുതുമായിരുന്നുവെന്നും വിജയ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡബിൾ എൻജിൻ’ സർക്കാരിനെയും വിജയ് വിമർശിച്ചു. വിജയ് വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നില്ലെന്ന ഡിഎംകെയുടെ വിമർശനത്തിനും അദ്ദേഹം മറുപടി നൽകി.
വിമർശിക്കുന്നവർ തമിഴ്നാട്ടിലെ ഓരോ വീടുകളിലും പോയി നോക്കണം. അവിടെയെല്ലാം ടി വി കെ ഉണ്ട്. അവരെല്ലാം തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ പുറത്തിറങ്ങും. വിസിൽ മുഴങ്ങുന്നതോടെ അഴിമതിക്കാർ നാടുവിടും, അപ്പോഴേക്കും ടിവികെ അധികാരത്തിലെത്തിയിരിക്കും, വിജയ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

