ബെംഗളൂരു: കർണാടകയിലെ തുമകൂരുവിൽ മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് കാറിന് തീപിടിച്ച് മരിച്ചു (Tumakuru Car Explosion Case). സഞ്ചരിച്ചുകൊണ്ടിരുന്ന കാറിൽ നിന്ന് അത്ഭുതകരമായി ചാടി രക്ഷപ്പെട്ട യുവതി പരിക്കുകളോടെ രക്ഷപ്പെട്ടു. തുമകൂരു ജില്ലയിലെ ദേശീയപാതയിൽ വെച്ചായിരുന്നു സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ബെംഗളൂരുവിൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന യുവതിയെ ശനിയാഴ്ച രാവിലെയാണ് നാഗേന്ദ്ര എന്ന യുവാവ് ജയനഗറിൽ വെച്ച് ബലമായി ടാക്സിയിൽ കയറ്റി തട്ടിക്കൊണ്ടുപോയത്. നേരത്തെ പ്രണയത്തിലായിരുന്ന ഇവർ പിന്നീട് വേർപിരിഞ്ഞിരുന്നു. യുവതി നാഗേന്ദ്രയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിലുള്ള പകയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
യാത്രയ്ക്കിടെ താൻ ജീവനൊടുക്കുമെന്നും യുവതിയെ കൊല്ലുമെന്നും നാഗേന്ദ്ര ഭീഷണിപ്പെടുത്തി. കൈവശം കരുതിയിരുന്ന സ്ഫോടകവസ്തുക്കൾ കാണിച്ച് ഇയാൾ യുവതിയെ പരിഭ്രാന്തയാക്കി. വാഹനം ഓടിക്കൊണ്ടിരിക്കെ നാഗേന്ദ്ര കത്തി ഉപയോഗിച്ച് യുവതിയെ ആക്രമിക്കുകയും ചെയ്തു. ഉടൻ തന്നെ ഡ്രൈവർ വാഹനം നിർത്തിയപ്പോൾ, ഡോർ തുറന്ന് പുറത്തേക്ക് ചാടിയ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. നിമിഷങ്ങൾക്കകം കാറിൽ വലിയ സ്ഫോടനമുണ്ടാവുകയും തീപിടിക്കുകയും ചെയ്തു. വാഹനത്തിനുള്ളിൽ കുടുങ്ങിയ നാഗേന്ദ്ര സംഭവസ്ഥലത്തുതന്നെ വെന്തുമരിച്ചു.
സംഭവസ്ഥലത്തുനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തുക്കൾ നാഗേന്ദ്രയ്ക്ക് എവിടെ നിന്ന് ലഭിച്ചു, സ്ഫോടനം ബോധപൂർവം നടത്തിയതാണോ എന്നീ കാര്യങ്ങളിൽ തുമകൂരു പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കല്ലമ്പെള്ള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
Summary: In a horrifying incident in Tumakuru, Karnataka, a man named Nagendra died after a car he was traveling in exploded following a failed attempt to kidnap and murder his former girlfriend. The woman miraculously escaped by jumping out of the moving vehicle after being threatened with explosives and attacked with a knife. Nagendra, who had abducted her from Bengaluru, was trapped inside as the vehicle caught fire.

