റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഞായറാഴ്ച പുലർച്ചെ നടന്ന സുപ്രഭാത സേവയിൽ പങ്കെടുത്ത അദ്ദേഹം, ദർശനത്തിന് ശേഷം പരമ്പരാഗത ആചാരപ്രകാരം തലമുണ്ഡനം ചെയ്ത് വഴിപാട് സമർപ്പിച്ചു (Anant Ambani Tirumala Visit). കഴിഞ്ഞ കുറച്ചു വർഷങ്ങളായി തന്റെ നീണ്ട മുടി അനന്തിന്റെ അടയാളങ്ങളിലൊന്നായി മാറിയിരുന്നു. ദർശനത്തിന് ശേഷം ക്ഷേത്ര സമുച്ചയത്തിലെ രംഗനായകുല മണ്ഡപത്തിൽ വെച്ച് വേദപണ്ഡിതന്മാർ അദ്ദേഹത്തിന് ‘വേദാശീർവചനം’ നൽകി അനുഗ്രഹിച്ചു. തുടർന്ന് ക്ഷേത്ര അധികൃതർ അദ്ദേഹത്തെ പ്രസാദവും പൊന്നാടയും നൽകി ആദരിച്ചു.
ക്ഷേത്ര സന്ദർശന വേളയിൽ വലിയൊരു പ്രഖ്യാപനവും അദ്ദേഹം നടത്തി. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (TTD) റിലയൻസ് ഇൻഡസ്ട്രീസിന്റെ വകയായി 27.5 കോടി രൂപ വിലമതിക്കുന്ന 25 ഇലക്ട്രിക് ബസുകൾ നൽകുമെന്ന് അനന്ത് അംബാനി അറിയിച്ചു. ബസുകൾ വാങ്ങുന്നതിനുള്ള ചെലവ് മാത്രമല്ല, അവ സർവീസ് നടത്തുന്നതിനായി ആവശ്യമായ 50 ഡ്രൈവർമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും റിലയൻസ് വഹിക്കും. കൂടാതെ, തിരുമലയിൽ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും കമ്പനി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ശ്രീകൃഷ്ണ ഭക്തനായ അനന്ത് അംബാനി മുൻപും വിവിധ പ്രമുഖ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. തന്റെ വിവാഹത്തിന് മുന്നോടിയായി ദ്വാരകാധീശ ക്ഷേത്രത്തിലേക്ക് ദീർഘദൂരം പദയാത്ര നടത്തിയത് വലിയ വാർത്തയായിരുന്നു. ക്ഷേത്ര ദർശനങ്ങൾക്ക് പുറമെ, റിലയൻസിന്റെ പിന്തുണയോടെയുള്ള ‘വനതാര’ പദ്ധതിയിലൂടെ മൃഗസംരക്ഷണ രംഗത്തും അദ്ദേഹം സജീവമായി ഇടപെടുന്നുണ്ട്.
Summary: Reliance Industries Executive Director Anant Ambani visited the Tirumala Tirupati temple and offered prayers after shaving his head as a traditional offering. During his visit, he announced a significant contribution of 25 electric buses worth Rs 27.5 crore to the Tirumala Tirupati Devasthanam (TTD), along with a commitment to cover the salaries of 50 drivers and support EV charging infrastructure. Known for his devotion and animal welfare initiatives, Ambani continues to actively support such religious and social projects.

