ഇടുക്കി: പൈനാവിൽ നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു (Idukki Painavu jeep accident today). കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും സമീപത്തെ സ്പെഷ്യൽ സ്കൂളിന്റെ മതിൽ തകർത്ത് മുറ്റത്തേക്ക് മറിയുകയുമായിരുന്നു. അപകടസമയത്ത് സ്കൂൾ മുറ്റത്ത് നിരവധി പേരുണ്ടായിരുന്നെങ്കിലും വിദ്യാർത്ഥികളും ജീവനക്കാരും അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റ് നാലുപേരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കയറ്റത്തിൽ വെച്ച് പെട്ടെന്ന് ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ട് ഉരുണ്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വലിയ ശബ്ദത്തോടെ ജീപ്പ് മതിൽ തകർത്ത് സ്കൂൾ മുറ്റത്തേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് മുറ്റത്തുണ്ടായിരുന്നവർ ഓടിമാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടവിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും നാട്ടുകാരും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തകർന്ന ജീപ്പ് ഉയർത്താനുള്ള നടപടികൾ ഫയർഫോഴ്സ് ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

