കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ റെയ്ഡിനിടെ കൂട്ടത്തോടെ ആക്രമിച്ച കേസിൽ നിലവിലെ അന്വേഷണ പുരോഗതി വ്യക്തമാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു (ED officials attacked). ആക്രമണത്തിന് പിന്നിൽ മുൻകൂട്ടിയുള്ള ആസൂത്രണമോ ഗൂഢാലോചനയോ ഉണ്ടായിരുന്നതായി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതികളുടെ ഫോൺ കോളുകൾ പരിശോധിച്ചതിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ട്.
എന്നാൽ കൂടുതൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, ഗൂഢാലോചന തെളിയിക്കാൻ കൃത്യമായ ഡിജിറ്റൽ തെളിവുകൾ ആവശ്യമാണെന്നും ഇ.ഡി നിലപാടെടുത്തു. കേസിൽ ഇരുപതിലധികം പേർ ഇനിയും പിടിയിലാകാനുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രധാന പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച പുതിയ സൂചന.
ഇതുവരെ 26 അറസ്റ്റ്; ഒമ്പതാം പ്രതിയുടെ ജാമ്യത്തിനെതിരെ ഇ.ഡി ഹൈക്കോടതിയിൽ
ഇ.ഡി ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിച്ച കേസിൽ ഇതുവരെ 26 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനം തല്ലിത്തകർക്കാൻ നേതൃത്വം നൽകിയവർ ഉൾപ്പെടെ 20 ഓളം പേർ ഇപ്പോഴും ഒളിവിലാണ്. വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അതിനിടെ, കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത് ഇ.ഡിക്ക് വലിയ തിരിച്ചടിയായി. പ്രാദേശിക പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്ന് കോടതിയിൽ ജാമ്യം തടയാനുള്ള ശക്തമായ നീക്കങ്ങൾ ഉണ്ടായില്ലെന്നാണ് ഇ.ഡി ആരോപിക്കുന്നത്. അന്വേഷണം നിർണ്ണായക ഘട്ടത്തിൽ നിൽക്കെ പ്രധാന പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയാക്കുമെന്ന് കാണിച്ച് ഇ.ഡി കേരള ഹൈക്കോടതിയെ സമീപിച്ചു. ഹരീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച ഹർജി വരും തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. കേസിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ള മറ്റ് രണ്ട് പ്രതികളുടെ ഹർജിയിൽ കക്ഷി ചേരാനും ഇ.ഡി നിയമോപദേശം തേടിയിട്ടുണ്ട്.
Story Summary: The police investigation team filed a progress report in court stating no evidence of conspiracy has been found yet in the ED officials attack case. Meanwhile, the ED approached the Kerala High Court against the bail granted to the 9th accused, Hareesh, alleging laxity from the prosecution.

