അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ പിരിവിലും എണ്ണലിലും വ്യാപകമായ ക്രമക്കേടുകൾ നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഏപ്രിൽ 25 മുതൽ ജൂൺ 5 വരെയുള്ള 39 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മാത്രം 70 തവണ തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചു (Ayodhya Ram Mandir Donation Scam). രാമക്ഷേത്ര ട്രസ്റ്റിന്റെ പരാതിയെത്തുടർന്ന് രൂപീകരിച്ച എസ്ഐടി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വൻ സുരക്ഷാ വീഴ്ചകളും നടപടിക്രമങ്ങളിലെ ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ എട്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്യുകയും ചെയ്തു.
പണം എണ്ണുന്നതിനിടെ ജീവനക്കാർ നോട്ടുകെട്ടുകൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കുന്നതും, ബാങ്ക് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ പണം കൈകാര്യം ചെയ്യുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ എസ്ഐടിക്ക് ലഭിച്ചിട്ടുണ്ട്. പണം എണ്ണുന്ന പ്രക്രിയയിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ (SOP) അട്ടിമറിക്കപ്പെട്ടതായും, പണം സൂക്ഷിക്കാൻ ശൗചാലയങ്ങൾ ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. 500 രൂപയുടെ നോട്ടുകെട്ടുകൾ ആവർത്തിച്ച് കുറഞ്ഞതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ തിരിമറികൾ പുറത്തുവന്നത്. വിലപിടിപ്പുള്ള ആഭരണങ്ങൾ പെട്ടിയിൽ നിന്ന് മാറ്റിയ ശേഷമാണ് എണ്ണൽ നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ എട്ടുപേരെയും കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
Summary: A Special Investigation Team (SIT) probing the alleged donation embezzlement at the Ayodhya Ram Temple has uncovered 70 instances of theft within just 39 days. CCTV footage retrieved by investigators reveals temple staff and cash-counting employees siphoning off cash and valuables, often hiding notes in their clothing and using unauthorized storage areas like restrooms to smuggle funds.

