ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള ലുവോഹെ വൈൽഡ്‌ലൈഫ് മൃഗശാല വിചിത്രമായൊരു തൊഴിൽ അവസരവുമായി രംഗത്തെത്തിയിരിക്കുകയാണ്. മൃഗശാലയിൽ കരടിയുടെ വേഷം കെട്ടി നടക്കാനും സന്ദർശകരുമായി ഇടപഴകാനും ആളുകളെ തേടുകയാണ് അധികൃതർ. പ്രതിവർഷം 1,00,000 യുവാൻ (ഏകദേശം 12 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) ആണ് ഇതിനായി വാഗ്ദാനം ചെയ്യുന്ന ശമ്പളം. തിരഞ്ഞെടുക്കപ്പെടുന്നവർ മൃദുവായ കരടി വേഷം ധരിച്ച് മൃഗശാലയിൽ കറങ്ങി നടക്കണം ( China Zoo Bear Performer).
ഈ ജോലിക്ക് ചില നിബന്ധനകളുണ്ട്. കരടിയായി വേഷമിടുന്നവർ ഒട്ടും സംസാരിക്കാൻ പാടില്ല, പകരം മൃഗങ്ങളെപ്പോലെ ശബ്ദങ്ങൾ ഉണ്ടാക്കിയാൽ മതിയാകും. അടിയന്തര സാഹചര്യങ്ങളിൽ മാത്രം സംസാരിക്കാൻ അനുവാദമുണ്ട്. ആറു മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളിൽ ജോലി ചെയ്യണം. തളരുമ്പോൾ വിശ്രമിക്കാനും, ഊർജ്ജസ്വലരാകുമ്പോൾ നൃത്തം ചെയ്യാനും മരത്തിൽ കയറാനും ഒക്കെ ഇവർക്ക് സ്വാതന്ത്ര്യമുണ്ട്. സന്ദർശകർ നൽകുന്ന ലഘുഭക്ഷണങ്ങൾ കഴിക്കാൻ തയ്യാറായിരിക്കണമെന്നും നിർദ്ദേശമുണ്ട്.
വിനോദസഞ്ചാരികളെ ആകർഷിക്കാനും മൃഗശാലയുടെ വരുമാനം വർദ്ധിപ്പിക്കാനുമാണ് ഇത്തരമൊരു പരീക്ഷണം അധികൃതർ നടത്തുന്നത്. ഈ ജോലിക്ക് അപേക്ഷിച്ചവരിൽ നൂറിലേറെ പേർ ഉണ്ടായിരുന്നുവെന്നും തസ്തികകൾ ഇതിനോടകം നികത്തിയെന്നും അധികൃതർ അറിയിച്ചു.
സ്ഥാനാർത്ഥിക്ക് സമൂഹമാധ്യമങ്ങളിൽ പ്രശസ്തി ലഭിച്ചാൽ ശമ്പളത്തിന് പുറമെ അധിക വരുമാനവും ലഭിക്കുമെന്ന് മൃഗശാല വക്താവ് വ്യക്തമാക്കി.
എങ്കിലും, ഈ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. വെയിലത്ത് വേഷം കെട്ടി നിൽക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പലരും ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മൃഗശാലയിൽ മനുഷ്യർ കരടിയായി വേഷമിടുന്നത് കുട്ടികളിൽ വന്യജീവികളെക്കുറിച്ച് തെറ്റായ ധാരണകൾ ഉണ്ടാക്കുമെന്നും വിമർശകർ അഭിപ്രായപ്പെടുന്നു.
Summary: A zoo in central China’s Henan province has gone viral for hiring people to dress up as black bears and interact with visitors, offering an annual salary of 100,000 yuan (approx. $15,000). Performers are required to roam the park, mimic bear behavior, and remain silent, with the zoo encouraging quirky and expressive performances to boost visitor engagement. While the unusual job listing attracted over 100 applicants, it has sparked concerns regarding the potential impact on children’s understanding of wild animals and the challenges of the role.

