പർഭാനി:മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലുള്ള യശ്‌വാടി ക്ഷേത്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു (Maharashtra temple collapse). ശനിയാഴ്ച ഉച്ചയ്ക്ക് 3.30-ഓടെയാണ് സംഭവം നടന്നത്. ക്ഷേത്രത്തിന്റെ ‘സഭാമണ്ഡപ’ത്തിന്റെ ഭാഗത്താണ് അപകടമുണ്ടായത്. സംഭവത്തിൽ 27 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേർ ജില്ലാ ജനറൽ ആശുപത്രിയിലും മറ്റ് ഇരുപത് പേർ ആർപി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയതായി എംഎൽഎ രാജേഷ് വിതേക്കർ സ്ഥിരീകരിച്ചു.
ക്ഷേത്രത്തിൽ നടന്നു വന്ന നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലായിരുന്നു. രാജസ്ഥാനിൽ നിന്ന് എത്തിച്ച കല്ലുകളാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. സഭാമണ്ഡപത്തിന്റെ തൂൺ സ്ഥാപിക്കുന്നതിൽ വന്ന പാളിച്ചയോ കാലതാമസോ ആകാം മേൽക്കൂര തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പുറത്തുനിന്നുള്ള തൊഴിലാളികളാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. പർഭാനി ജില്ലയിലെ ഏറ്റവും പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണിത്. എല്ലാ ശനിയാഴ്ചയും 25,000 മുതൽ 50,000 വരെ ഭക്തർ ഇവിടെ ദർശനത്തിനായി എത്താറുണ്ട്.
പർഭാനിയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. പോലീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിച്ചിരുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് അധികൃതർ അറിയിച്ചു.
Summary: Four people were killed and several others injured when the roof of the ‘sabhamandap’ (outer hall) at the Yashwadi temple in Maharashtra’s Parbhani district collapsed during construction work on Saturday afternoon. About 27 people were reportedly trapped under the debris, and all have been rescued and shifted to nearby hospitals for treatment. Prime Minister Narendra Modi expressed his condolences to the families of the victims and wished a speedy recovery to the injured.

