സോനിപത്: ഓർഡർ ചെയ്ത വെജിറ്റേറിയൻ ബർഗറിന് പകരം നോൺ-വെജിറ്റേറിയൻ ബർഗർ നൽകിയ സംഭവത്തിൽ പ്രമുഖ അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് ശൃംഖലയായ ഡോമിനോസിന് (Domino’s fined) കനത്ത പിഴ. നവരാത്രി വ്രത ദിനത്തിൽ വെജിറ്റേറിയൻ എന്ന് വ്യക്തമായി രേഖപ്പെടുത്തിയ ബോക്സിനുള്ളിൽ ചിക്കൻ ബർഗർ നൽകിയതിനാണ് ഹരിയാനയിലെ സോനിപത് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ വിധിച്ചതെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ഹരിയാനയിലെ ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥി നൽകിയ പരാതിയിലാണ് ഈ സുപ്രധാന വിധി.
നവരാത്രി സമയത്ത് താൻ ഓർഡർ ചെയ്ത വെജിറ്റേറിയൻ ബർഗർ കഴിച്ചപ്പോൾ അതിൽ നിന്നും മാംസത്തിന്റെ ഭാഗങ്ങൾ ലഭിച്ചുവെന്നും, ഇത് തന്റെ മതവിശ്വാസത്തെയും ആചാരങ്ങളെയും വ്രതത്തെയും മുറിപ്പെടുത്തിയെന്നും വിദ്യാർത്ഥി പരാതിയിൽ ബോധിപ്പിച്ചു. പരാതി ന്യായമാണെന്ന് കണ്ടെത്തിയ കമ്മീഷൻ, മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി വിദ്യാർത്ഥിക്ക് 25,500 രൂപയും ബർഗറിനായി ഈടാക്കിയ തുകയും തിരികെ നൽകാൻ ഡോമിനോസ് ഔട്ട്‌ലെറ്റിനോട് നിർദ്ദേശിച്ചു.
അതേസമയം, നോൺ-വെജിറ്റേറിയൻ പാക്കിംഗ് കവറുകളുടെ പെട്ടെന്നുണ്ടായ ക്ഷാമം മൂലമാണ് ചിക്കൻ ബർഗർ വെജിറ്റേറിയൻ ബോക്സിലാക്കി നൽകേണ്ടി വന്നതെന്നായിരുന്നു സംഭവത്തിൽ ഔട്ട്ലെറ്റ് അധികൃതർ കോടതിയിൽ നൽകിയ വിചിത്രമായ വാദം. എന്നാൽ, ഉപഭോക്താക്കളുടെ വിശ്വാസത്തെ ബാധിക്കുന്ന ഇത്തരം നടപടികൾ സേവനത്തിലുണ്ടായ അതീവ ഗുരുതരമായ വീഴ്ചയും (Deficiency in Service) അശ്രദ്ധയുമാണെന്ന് കമ്മീഷൻ വിലയിരുത്തുകയായിരുന്നു.
Story Summary: The Consumer Disputes Redressal Commission in Sonipat, Haryana, penalized fast-food chain Domino’s for serving a chicken burger in a vegetarian-marked box to a student during the Navratri festival. The student from OP Jindal Global University discovered meat pieces while consuming it and filed a complaint. Rejecting the outlet’s defense of a non-veg packaging shortage, the commission ordered Domino’s to pay ₹25,500 in compensation along with a refund for the burger, citing deficiency in service.

