കൊൽക്കത്തയിൽ വെച്ച് ഓസ്‌ട്രേലിയൻ വിനോദസഞ്ചാരിക്ക് നേരെ ഉണ്ടായ അതിക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ‘മാർക്കോ റോംസ്’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിദേശ ടൂറിസ്റ്റ് താൻ നേരിട്ട ദുരനുഭവത്തിന്റെ വീഡിയോ പങ്കുവെച്ചത് (Australian tourist harassment). കൊൽക്കത്തയിലെ ഒരു തെരുവിലൂടെ നടന്നുപോകുന്നതിനിടെ, റിക്ഷയിലിരുന്ന യുവാവ് വിദേശിയോട് നിരന്തരം ചുംബിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടും വിടാതെ പിന്തുടരുകയും വിദേശിയുടെ കൈകളിൽ ബലമായി പിടിക്കുകയും ചെയ്ത യുവാവിന്റെ പ്രവർത്തി ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്.
വീഡിയോയിൽ യുവാവ് തന്റെ കവിളിൽ ചുംബിക്കാൻ ആംഗ്യം കാണിക്കുന്നത് വ്യക്തമാണ്. ‘എന്തിനാണ് ഇന്ത്യൻ യുവാക്കൾ ഇത്തരത്തിൽ പെരുമാറുന്നത്?’ എന്ന ചോദ്യം വിദേശി തന്നെ വീഡിയോയിൽ ഉന്നയിക്കുന്നുണ്ട്. സംഭവസ്ഥലത്ത് നിന്ന് മാറി നടന്ന ശേഷം താൻ നേരിട്ടത് മോശം അനുഭവമാണെന്ന് അദ്ദേഹം പ്രതികരിക്കുന്നുണ്ട്. എട്ടര ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ വലിയൊരു ചർച്ച തന്നെ നടക്കുകയാണ്. യുവാവിന്റെ പ്രവർത്തിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. കൊൽക്കത്ത പോലീസ് ഈ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, വീഡിയോ പങ്കുവെച്ച ടൂറിസ്റ്റിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. ജനസാന്ദ്രതയേറിയതും അത്ര സുരക്ഷിതമല്ലാത്തതുമായ പ്രദേശങ്ങളിലൂടെ വീഡിയോ ചിത്രീകരിക്കാനായി മാത്രം സഞ്ചരിച്ചുവെന്ന ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്. കാഴ്ചകൾ കാണാനെന്ന പേരിൽ ഇത്തരം പ്രദേശങ്ങളിൽ കറങ്ങി നടന്ന് ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചിലർ കമന്റുകളിലൂടെ പ്രതികരിച്ചു. വിനോദസഞ്ചാരത്തിന് അനുയോജ്യമായ നല്ല സ്ഥലങ്ങൾ സന്ദർശിക്കാൻ ഇവർ തയ്യാറാകുന്നില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു. സാമൂഹിക മാധ്യമങ്ങളിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾക്കാണ് ഈ വീഡിയോ വഴിവെച്ചിരിക്കുന്നത്.
View this post on Instagram

