കല്യാൺ: സ്ത്രീധനം ആവശ്യപ്പെട്ട് ഗർഭിണിയായ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും തല മുണ്ഡനം ചെയ്ത് വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ ഭർത്താവ് സമീർ അൻസാരിയെ മഹാത്മാ ഫൂലെ പോലീസ് അറസ്റ്റ് ചെയ്തു. കല്യാൺ വാൽധുനി സ്വദേശിനിയായ അഫ്സാനയാണ് പീഡനങ്ങൾക്കൊടുവിൽ രക്ഷപ്പെട്ട് പോലീസിൽ പരാതി നൽകിയത്.(Pregnant Woman Alleges Severe Dowry Abuse And Forced Head Shaving In Kalyan)
രണ്ട് വർഷം മുൻപായിരുന്നു അഫ്സാനയും സമീറും തമ്മിലുള്ള വിവാഹം. വിവാഹത്തിന് മുൻപ് തന്നെ ഭർത്താവിന്റെ വീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും, തങ്ങളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അത് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചിട്ടും പീഡനം തുടർന്നതായും യുവതി പറയുന്നു. അഫ്സാനയെ ഭക്ഷണം നൽകാതെയും പണം നൽകാതെയും നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നു. തിളച്ച വെള്ളം ഉപയോഗിച്ച് കൈകൾ പൊള്ളിച്ചതായും യുവതിയുടെ പരാതിയിലുണ്ട്.
കഴിഞ്ഞദിവസം ഭർതൃമാതാവും നാത്തൂനും മറ്റ് ബന്ധുക്കളും ചേർന്ന് അഫ്സാനയുടെ തല ബലമായി മുണ്ഡനം ചെയ്യുകയും തുടർന്ന് ഒരു മുറിയിൽ പൂട്ടിയിടുകയും ചെയ്തു. അഫ്സാനയുടെ കുട്ടിക്ക് അസുഖം വന്നപ്പോൾ ഡോക്ടറെ കാണിക്കാൻ പോകാൻ വീട്ടുകാർ അനുവാദം നൽകിയതായിരുന്നു. ഈ അവസരം മുതലെടുത്ത് അഫ്സാന നേരെ ഉല്ലാസ്നഗറിലെ സ്വന്തം വീട്ടിലെത്തി ബന്ധുക്കളോട് വിവരങ്ങൾ പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ മഹാത്മാ ഫൂലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി സീനിയർ പോലീസ് ഇൻസ്പെക്ടർ ബലിറാം പർദേശി അറിയിച്ചു. ഭാരതീയ ന്യായ സംഹിത പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉല്ലാസ്നഗറിലെ സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ് അഫ്സാന ഇപ്പോൾ.
Story Summary
A pregnant woman in Kalyan was subjected to severe physical abuse and humiliation by her in-laws over dowry demands, including the forced shaving of her head. After escaping to her maternal home, she filed a complaint with the police, leading to her husband’s arrest under the Bharatiya Nyaya Sanhita.

