കൊച്ചി: ലോക ഇരുചക്രവാഹന വിപണിയിലെ ഇതിഹാസ സ്കൂട്ടറായ ‘വെസ്പ’ (Vespa) തങ്ങളുടെ എൺപതാം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുന്നു. വെസ്പയുടെ 80-ാം വാർഷികത്തിന്റെ ഭാഗമായുള്ള വമ്പൻ അന്താരാഷ്ട്ര ആഘോഷങ്ങൾക്ക് ഇറ്റാലിയൻ തലസ്ഥാനമായ റോം വേദിയാകും (Vespa 80th anniversary celebrations Rome). ഈ മാസം 25 മുതൽ 28 വരെ നാല് ദിവസങ്ങളിലായാണ് ‘വെസ്പ റോമ 2026 – ഇതിഹാസത്തിന്റെ 80 വർഷങ്ങൾ’ (Vespa Roma 2026) എന്ന പേരിലുള്ള വിപുലമായ പരിപാടികൾ അരങ്ങേറുന്നത്.
ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനും ആഘോഷങ്ങളിൽ പങ്കുചേരാനും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആയിരക്കണക്കിന് വെസ്പ ഉടമകളാണ് തങ്ങളുടെ പ്രിയപ്പെട്ട സ്കൂട്ടറുകളുമായി റോമിലേക്ക് വച്ചുപിടിക്കുന്നത്. ആഫ്രിക്ക, അമേരിക്ക, ഏഷ്യ തുടങ്ങി വിവിധ ഭൂഖണ്ഡങ്ങളിലെ 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള വെസ്പ ആരാധകർ റോമിൽ ഒത്തുകൂടുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. നിലവിൽ സ്വന്തമായി വെസ്പ സ്കൂട്ടറുകൾ ഇല്ലാത്ത മറ്റ് വെസ്പ പ്രേമികൾക്കും ഈ മെഗാ കാർണിവലിൽ പങ്കെടുക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആദ്യകാല വിന്റേജ് മോഡലുകൾ മുതൽ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ആധുനിക സ്കൂട്ടറുകൾ വരെ, വെസ്പ ഇതുവരെ നിരത്തിലിറക്കിയ എല്ലാ മോഡലുകളുമായി ലോകമെമ്പാടുമുള്ള ഔദ്യോഗിക വെസ്പ ക്ലബ്ബ് അംഗങ്ങൾ റോമിലെത്തും. അന്താരാഷ്ട്ര തലത്തിലുള്ള സംഗീത പരിപാടികൾ, വിനോദ മത്സരങ്ങൾ, അപൂർവ്വ സ്കൂട്ടറുകളുടെ പ്രദർശനങ്ങൾ എന്നിവ ഈ നാല് ദിവസത്തെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. നിലവിൽ ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലുമായി ഏകദേശം 20 മില്ല്യണിലധികം (2 കോടി) വെസ്പ സ്കൂട്ടറുകൾ നഗര തെരുവുകളിൽ സജീവമായി ഓടിക്കൊണ്ടിരിക്കുന്നുണ്ടെന്നും, അവ ജനങ്ങളുടെ ജീവിതത്തിന് വേറിട്ട നിറം പകരുന്നുവെന്നും നിർമ്മാതാക്കൾ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
Story Summary: The iconic scooter brand Vespa is celebrating its 80th anniversary with a four-day mega event called ‘Vespa Roma 2026 – 80 Years of the Legend’ in Rome from June 25 to 28. Vespa owners and enthusiasts from over 60 countries across all continents will gather with various vintage and modern models. The event will feature music, competitions, and exhibitions. Vespa announced that around 20 million of its scooters are currently active globally.

