പരമ്പരാഗത വസ്ത്രമായ സാരിയുടുത്ത് മൈക്കൽ ജാക്സന്റെ ഐക്കണിക് ഡാൻസ് സ്റ്റെപ്പുകൾ അനായാസമായി അവതരിപ്പിച്ച് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഒരു യുവതി. കണ്ടന്റ് ക്രിയേറ്ററായ കോമൾ കുമാരിയാണ് മൈക്കൽ ജാക്സന്റെ വിഖ്യാത ഗാനമായ ‘ബില്ലി ജീൻ’ എന്ന പാട്ടിന് തകർപ്പൻ നൃത്തം കാഴ്ചവെച്ചത് (Michael Jackson Dance in Saree). സാരിയുടുത്ത് ഇത്തരം സങ്കീർണ്ണമായ ഡാൻസ് സ്റ്റെപ്പുകൾ ഇത്രയും കൃത്യതയോടെയും ലാഘവത്തോടെയും അവതരിപ്പിച്ചത് സോഷ്യൽ മീഡിയ ഉപയോക്താക്കളെ ശരിക്കും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
2026-ൽ പുറത്തിറങ്ങിയ ‘മൈക്കൽ’ എന്ന മ്യൂസിക്കൽ ചിത്രത്തിന് ശേഷം നൃത്തത്തിൽ ആകൃഷ്ടയായ ഒരു അമ്മയുടെ കഥാപാത്രത്തെയാണ് വീഡിയോയിൽ കോമൾ അവതരിപ്പിക്കുന്നത്. സാരിയുടെ തടസ്സങ്ങൾ പോലും വകവെക്കാതെ, മൈക്കൽ ജാക്സന്റെ സിഗ്നേച്ചർ സ്റ്റൈലായ മൂൺവാക്ക്, ബോഡി ഐസൊലേഷൻ, റോബോട്ടിക് പോപ്പിംഗ് തുടങ്ങിയ സ്റ്റെപ്പുകൾ കോമൾ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. സാരിയുടുത്ത് ഇത്രയും കൃത്യതയാർന്ന ഡാൻസ് സ്റ്റെപ്പുകൾ ചെയ്യാൻ ഏറെ പ്രയാസമാണെന്നും, യുവതിയുടെ മെയ്വഴക്കം അത്ഭുതകരമാണെന്നുമാണ് വീഡിയോ കണ്ടവർ ഒന്നടങ്കം പറയുന്നത്.
ഈ വ്യത്യസ്തമായ ഡാൻസ് വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. സാംസ്കാരികമായ ഒരു കലർപ്പാണ് ഈ വീഡിയോയിലുള്ളതെന്നും, ഇന്ത്യയുടെ പരമ്പരാഗത വസ്ത്രവും ലോകപ്രശസ്തമായ പോപ്പ് കൾച്ചറും എങ്ങനെ മനോഹരമായി ഒത്തുചേരുന്നു എന്നതിന് മികച്ച ഉദാഹരണമാണിതെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. മൈക്കൽ ജാക്സൻ ഈ പ്രകടനം കണ്ടിരുന്നെങ്കിൽ തീർച്ചയായും അഭിനന്ദിക്കുമായിരുന്നു എന്നും പലരും കമന്റുകളിലൂടെ കുറിച്ചു. നൃത്തത്തിലെ വൈദഗ്ധ്യവും വീഡിയോയിലെ തമാശ നിറഞ്ഞ ആശയവും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് നേടിയെടുത്തിരിക്കുന്നത്.
View this post on Instagram

