കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയകാവ്യങ്ങളായ ‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും വീണ്ടും പ്രധാന കഥാപാത്രങ്ങളായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ഐ നോബഡി’ (Prithviraj Parvathy new movie I Nobody) അണിയറയിൽ ഒരുങ്ങുന്നു. തരംഗം സൃഷ്ടിച്ച മമ്മൂട്ടി ചിത്രം ‘റോഷാക്കി’ന് ശേഷം പ്രശസ്ത സംവിധായകൻ നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ ആകാംഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
മലയാള സിനിമയിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ ജേക്സ് ബിജോയ് – പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. സെൻസർ ക്ലിയറൻസ് പൂർത്തിയായ ശേഷം ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ ഈ ആഴ്ചയോടെ തന്നെ പുറത്തുവരുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ആകെ എട്ട് ഗാനങ്ങളാണ് ജേക്സ് ബിജോയിയുടേതായി ഈ ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ പ്രൗഢഗംഭീരമായ ഓഡിയോ ലോഞ്ച് ചടങ്ങ് ഉടൻ തന്നെ ദുബായിൽ വെച്ച് നടക്കും. ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളിലൊന്നായ ‘ധുരന്ധർ’ എന്ന ചിത്രത്തിൽ പാടി ശ്രദ്ധേയനായ പ്രശസ്ത ഗായകൻ സുധീർ യദുവംശി ആലപിച്ച ഒരു തകർപ്പൻ ഗാനവും ‘ഐ നോബഡി’യിലുണ്ടെന്നത് സംഗീതപ്രേമികൾക്ക് വലിയൊരു സർപ്രൈസ് ആണ്. ചിത്രം വരുന്ന ജൂലൈ മാസത്തിൽ ആഗോളവ്യാപകമായി തിയേറ്ററുകളിലെത്തും.
പൃഥ്വിരാജ് – ജേക്സ് ബിജോയ് മാജിക്
2018-ൽ പുറത്തിറങ്ങിയ ‘രണം’ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് – ജേക്സ് ബിജോയ് കൂട്ടുകെട്ട് ശ്രദ്ധേയമാകുന്നത്. കൾട്ട് സ്റ്റാറ്റസ് നേടിയ ‘രണ’ത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഇന്നും സോഷ്യൽ മീഡിയയിൽ തരംഗമാണ്. തുടർന്ന് 2020-ൽ ഇൻഡസ്ട്രി ഹിറ്റായി മാറിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ സംഗീതത്തിലൂടെ 2021-ലെ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സിൽ (SIIMA) മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും ജേക്സ് ബിജോയ് സ്വന്തമാക്കിയിരുന്നു.
പൃഥ്വിരാജ് ചിത്രങ്ങളായ കുരുതി, ജന ഗണ മന, കടുവ, കാപ്പ, വിലയത്ത് ബുദ്ധ തുടങ്ങിയ സിനിമകൾക്ക് തകർപ്പൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് ഇദ്ദേഹമാണ്. പശ്ചാത്തല സംഗീതത്തിലൂടെ കഥാപാത്രങ്ങളുടെ വികാരങ്ങളെയും സിനിമയുടെ അന്തരീക്ഷത്തെയും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ അപൂർവ്വ കഴിവുള്ള ജേക്സ് ബിജോയിയുടെ സാന്നിധ്യം പൃഥ്വിരാജിന്റെ സിനിമാ യാത്രയിൽ ഏറെ നിർണ്ണായകമാണ്. ഉയർന്ന നിലവാരമുള്ള ഒരു സിനിമാറ്റിക് അനുഭവം ഉറപ്പുനൽകുന്ന ഈ കൂട്ടുകെട്ട് ഇത്തവണയും ബോക്സ് ഓഫീസിൽ വലിയ ട്രെൻഡ് സൃഷ്ടിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
വൻ താരനിരയും അണിയറപ്രവർത്തകരും
വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
‘റോഷാക്ക്’, ‘ഇബിലീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത തിരക്കഥാകൃത്ത് സമീര് അബ്ദുളാണ് ‘ഐ നോബഡി’യുടെയും രചന നിർവ്വഹിക്കുന്നത്.
ഛായാഗ്രഹണം: ദിനേശ് പുരുഷോത്തമൻ
ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം
എഡിറ്റിംഗ്: റമീസ് എംബി
പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നാക്കോത്ത്
മേക്കപ്പ്: റോണക്സ് സേവിയർ
കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണൻ
പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ
ഫിനാൻസ് കൺട്രോളർ: കിരൺ നെട്ടയം
ആക്ഷൻ കൊറിയോഗ്രഫി: വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ
സൗണ്ട് ഡിസൈനർ: നിക്സൺ ജോർജ്
വി.എഫ്.എക്സ് (VFX): ലവാ കുശ
മാർക്കറ്റിംഗ്: കാറ്റലിസ്റ്റ് & റ്റിംഗ്
പ്രൊമോഷൻസ്: പൊഫാക്ഷിയോ
ഡിജിറ്റൽ മാർക്കറ്റിംഗ്: വിപിൻ കുമാർ വി.
കളറിസ്റ്റ്: സുരേഷ് രവി
സ്റ്റിൽസ്: രോഹിത് കെ സുരേഷ്
ഡിസൈൻസ്: യെല്ലോ ടൂത്ത്
Story Summary: After hit movies like Ennu Ninte Moideen and Koode, Prithviraj Sukumaran and Parvathy Thiruvothu are reuniting for the upcoming movie I Nobody, directed by Nizam Basheer of Rorschach fame. Produced under the banners of Prithviraj Productions and E4 Experiments, the film features music by Jakes Bejoy, marking another collaboration with Prithviraj. The film’s trailer is expected this week, and the audio launch will take place in Dubai. The movie is set for a worldwide release in July.

