പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു (CPM suspends A Padmakumar Pathanamthitta). മുൻപ് പലതവണ പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന ആരോപണം ഉയർന്ന ഘട്ടത്തിലൊക്കെ പദ്മകുമാറിനെതിരെയുള്ള അച്ചടക്ക നടപടികൾക്ക് മടിച്ചുനിന്ന സി.പി.എം നേതൃത്വം, ഒടുവിൽ കനത്ത തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നടപടിക്ക് തയ്യാറാവുകയായിരുന്നു.
വിവാദമായ ശബരിമല സ്വർണക്കൊള്ളക്കേസ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ എൽ.ഡി.എഫിന്റെ വലിയ തോൽവിക്ക് പ്രധാന കാരണമായെന്ന് സി.പി.എം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. ഇതേത്തുടർന്ന് സംസ്ഥാന കമ്മിറ്റി നൽകിയ കർശന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജില്ലാ കമ്മിറ്റി പദ്മകുമാറിനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. എന്നാൽ എത്രകാലത്തേക്കാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തതെന്ന കാര്യം പാർട്ടി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
മുതിർന്ന സി.പി.എം നേതാവ് തോമസ് ഐസക് ഉൾപ്പെടെ പങ്കെടുത്ത അടിയന്തര ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ചേർന്നിരുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കൽ പോലെയുള്ള കടുത്ത നടപടികൾ ആദ്യം ആലോചിച്ചിരുന്നെങ്കിലും, ഒടുവിൽ സസ്പെൻഷനിൽ ഒതുക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
അതേസമയം, തനിക്കെതിരെ പാർട്ടിയിൽ നിന്നും അച്ചടക്ക നടപടി ഉണ്ടാകുന്ന പക്ഷം പല രഹസ്യങ്ങളും പരസ്യമായി തുറന്നുപറയേണ്ടി വരുമെന്ന് പദ്മകുമാർ കഴിഞ്ഞ ദിവസങ്ങളിൽ തന്റെ അടുത്ത സുഹൃത്തുക്കളോട് സൂചന നൽകിയിരുന്നു. ഈ സാഹചര്യത്തിൽ, ഇപ്പോൾ പുറത്തുവന്ന സസ്പെൻഷൻ നടപടിയോട് പ്രതികരിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വൻ വെളിപ്പെടുത്തലുകൾക്ക് അദ്ദേഹം തയ്യാറാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.
Story Summary: Former Travancore Devaswom Board President and CPM Pathanamthitta District Committee member A. Padmakumar has been suspended from the party. Following the assembly election defeat, the CPM state leadership blamed the controversial Sabarimala gold robbery case for LDF’s loss and directed action. While expulsion was considered, the party settled for suspension during a meeting attended by Thomas Isaac.

