തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഒടുവിലത്തെ മുന്നറിയിപ്പ് (Kerala weather warning). തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ജില്ലകൾ കൂടാതെ മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
പൊതുജനങ്ങൾക്കായുള്ള ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ:
മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും ജീവന് പുറമെ, വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും ഗൃഹോപകരണങ്ങൾക്കും ഇടിമിന്നൽ വലിയ നാശനഷ്ടം വരുത്താറുണ്ട്. അതിനാൽ കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കർശനമായി സ്വീകരിക്കേണ്ടതാണ്:
സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറുക: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ തുറസായ സ്ഥലങ്ങളിൽ നിന്ന് സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ശക്തമായ കാറ്റും മിന്നലുമുള്ളപ്പോൾ ജനലും വാതിലും അടച്ചിടണം. പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.
വൈദ്യുതോപകരണങ്ങൾ: ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം പൂർണ്ണമായും വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ലാൻഡ് ഫോൺ ഉപയോഗിക്കരുത്, എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
തുറസായ സ്ഥലങ്ങൾ ഒഴിവാക്കുക: അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ ടെറസിലോ തുറസായ മുറ്റത്തോ കളിക്കാൻ വിടരുത്. മഴക്കാറ് കാണുമ്പോൾ തുണികളെടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകുന്നത് ഒഴിവാക്കുക.
യാത്രക്കാരും വാഹനങ്ങളും: ഇടിമിന്നൽ സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുന്നതാണ് സുരക്ഷിതം. എന്നാൽ സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലുള്ള യാത്രകൾ ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണം. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.
ജലാശയങ്ങൾ: ഇടിമിന്നലുള്ളപ്പോൾ കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. ജലാശയങ്ങളിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. കാർമേഘം കാണുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് എന്നിവ നിർത്തിവെച്ച് ഉടൻ കരയിലെത്തണം.
മൃഗങ്ങളുടെ സുരക്ഷ: വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ കെട്ടിയിടരുത്. മഴമേഘം കണ്ടതിന് ശേഷം അവയെ മാറ്റിപ്പാർപ്പിക്കാൻ പോകുന്നത് അപകടം ക്ഷണിച്ചുവരുത്തും.
തുറസായ സ്ഥലങ്ങളിൽ അകപ്പെട്ടാൽ: പെട്ടെന്ന് കെട്ടിടങ്ങളിലേക്ക് മാറാൻ സാധിക്കാത്ത സാഹചര്യത്തിൽ, പാദങ്ങൾ ചേർത്തുവെച്ച് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് നിലത്തിരിക്കുക.
പ്രഥമ ശുശ്രൂഷ: മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതുകൊണ്ട് അവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. എത്രയും വേഗം ഇങ്ങനെയുള്ളവർക്ക് വൈദ്യസഹായം ലഭ്യമാക്കുക.
Story Summary: The IMD has issued a weather warning predicting moderate rainfall and gusty winds up to 40 kmph in five districts of Kerala, including Thiruvananthapuram, Kollam, Kozhikode, Kannur, and Kasaragod, over the next three hours. Comprehensive lightning and safety guidelines have been issued for the public to prevent casualties.

