2026 ഫിഫ ലോകകപ്പിൽ തകർപ്പൻ തുടക്കവുമായി ആതിഥേയരായ അമേരിക്ക. ലോസ് ഏഞ്ചൽസിൽ നടന്ന മത്സരത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അമേരിക്ക പരാജയപ്പെടുത്തിയത് (USA vs Paraguay 4-1). പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോയുടെ കീഴിലിറങ്ങിയ അമേരിക്കൻ സംഘം ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി വിജയം ഉറപ്പിച്ചിരുന്നു. ദാമിയൻ ബൊബാദില്ലയുടെ സെൽഫ് ഗോളിലൂടെയാണ് അമേരിക്ക അക്കൗണ്ട് തുറന്നത്. പിന്നാലെ ഫോലാരിൻ ബലോഗുൻ ഇരട്ട ഗോളുകൾ കൂടി നേടിയതോടെ അമേരിക്ക എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിലെത്തി.
രണ്ടാം പകുതിയിൽ ജിയോവാനി റെയ്ന ഒരു ഗോൾ കൂടി നേടിയതോടെ അമേരിക്കയുടെ വിജയം പൂർണ്ണമായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഒരു ഗോൾ മടക്കി പരാഗ്വേ ആശ്വാസം കണ്ടെത്തി. അതേസമയം, മറ്റൊരു മത്സരത്തിൽ സഹ-ആതിഥേയരായ കാനഡയെ ബോസ്നിയ ആൻഡ് ഹെർസഗോവിന സമനിലയിൽ തളച്ചു. ഗ്രൂപ്പ് ബിയിലെ ഉദ്ഘാടന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു.
അമേരിക്ക-പരാഗ്വേ മത്സരം നടന്ന ലൊസാഞ്ചലസ് സ്റ്റേഡിയം ‘ഫുൾ ഹൗസ്’ ആണെന്ന് സ്റ്റേഡിയം അനൗൺസർ 70,000-ത്തിലധികം കാണികൾ ഉണ്ടെന്ന് പ്രഖ്യാപിച്ചെങ്കിലും, ഗ്യാലറികളിലെ പല ഭാഗങ്ങളും ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിലകൂടിയ സീറ്റുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കാണികൾ കുറവായത് ശ്രദ്ധേയമായി. ടിക്കറ്റുകൾ വിറ്റുപോയെങ്കിലും പലരും സ്റ്റേഡിയത്തിൽ എത്തിയില്ലെന്നാണ് കരുതപ്പെടുന്നത്. എന്തായാലും ആതിഥേയർ മികച്ച വിജയത്തോടെ ലോകകപ്പ് കാമ്പെയ്ന് തുടക്കം കുറിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ.
Summary: The United States kicked off their 2026 FIFA World Cup campaign with a dominant 4-1 victory over Paraguay in Los Angeles. Led by Mauricio Pochettino, the US team established a 3-0 lead by halftime, featuring an own goal by Damian Bobadilla and a brace from Folarin Balogun, with Giovanni Reyna adding the fourth late in the game.

