തിരുവനന്തപുരം: കേരളത്തിന്റെ യുവ ക്രിക്കറ്റ് ലോകത്ത് നിന്ന് മറ്റൊരു സുവർണ്ണ താരം കൂടി ഇന്ത്യൻ ദേശീയ ടീമിലേക്ക് (Manav Krishna cricket India U19). കേരള ക്രിക്കറ്റ് അണ്ടർ-19 ടീമിന്റെ ക്യാപ്റ്റനും വെടിക്കെട്ട് വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാനുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടെസ്റ്റ് (ചതുർദിന മത്സരം) ടീമിലാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ മാനവ് ഇടം നേടിയത്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ബാറ്റിംഗ് പ്രകടനവും വിക്കറ്റിന് പിന്നിലെ മിന്നൽ സ്റ്റംപിംഗുകളുമാണ് താരത്തെ നീലക്കുപ്പായത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ അണ്ടർ-19 ആഭ്യന്തര ക്രിക്കറ്റ് സീസണിൽ മാത്രം 592 റൺസ് അടിച്ചുകൂട്ടിയ മാനവ്, ബിസിസിഐ (BCCI) നടത്തുന്ന പ്രശസ്തമായ കൂച്ച് ബെഹാർ ട്രോഫിയിൽ (Cooch Behar Trophy) തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടി റെക്കോർഡിട്ടിരുന്നു. ശക്തരായ സൗരാഷ്ട്രയ്ക്കെതിരെ 189 റൺസും ഹൈദരാബാദിനെതിരെ 144 റൺസുമാണ് താരം അന്ന് അടിച്ചെടുത്തത്. ഡൽഹിയിൽ വെച്ച് കരിയറിന്റെ പ്രാരംഭ ക്രിക്കറ്റ് പരിശീലനം തുടങ്ങിയ മാനവ്, പതിമൂന്നാം വയസ്സിലാണ് കേരളത്തിലേക്ക് മാറുന്നത്. തുടർന്ന് മികച്ച കായികക്ഷമതയും ലീഡർഷിപ്പും തെളിയിച്ച താരം കേരളത്തിന്റെ അണ്ടർ-16, അണ്ടർ-19 ടീമുകളുടെ ക്യാപ്റ്റനായും തിളങ്ങി.
2025-ൽ അരങ്ങേറിയ കേരള ക്രിക്കറ്റ് ലീഗ് (KCL) ലേലത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളായിരുന്നു ഈ യുവതാരം. ഇതിനുപിന്നാലെ 2026 ജനുവരിയിൽ ഗോവയ്ക്കെതിരെ നടന്ന ആവേശകരമായ മത്സരത്തിലൂടെ രഞ്ജി ട്രോഫി (Ranji Trophy) ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മാനവ് കേരളത്തിനായി അരങ്ങേറ്റം കുറിച്ചു. അടുത്തിടെ ഒമാൻ സന്ദർശിച്ച ഔദ്യോഗിക കേരള സീനിയർ ടീമിലും മാനവ് ഇടം പിടിച്ചിരുന്നു. കേരളത്തിന്റെ എൻഎസ്കെ (NSK) ട്രോഫിയിലെ ‘പ്രോമിസിങ് യങ്സ്റ്റർ’ പുരസ്കാര ജേതാവായ മാനവ്, ബിസിസിഐയുടെ ബെംഗളൂരുവിലെ സെൻ്റർ ഫോർ എക്സലൻസ് (NCA) ക്യാമ്പിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രശസ്ത ക്രിക്കറ്റ് കോച്ച് എസ്.എസ്. ഷൈൻ ആണ് മാനവിൻ്റെ പ്രധാന പരിശീലകൻ. ഉണ്ണികൃഷ്ണന്റെയും അനിത കെ. നായരുടെയും മകനാണ്. സഹോദരൻ മാധവ് കൃഷ്ണയും കേരളത്തിൻ്റെ അണ്ടർ-19 ക്രിക്കറ്റ് ടീമിലെ സജീവ അംഗമാണ്.
Story Summary: Manav Krishna, Kerala’s Under-19 cricket captain and wicketkeeper-batsman from Thiruvananthapuram, has been selected for the Indian Under-19 cricket team for the upcoming Test series against Sri Lanka. Manav, who scored 592 runs in the previous U-19 season including two centuries in the Cooch Behar Trophy, recently made his Ranji Trophy debut against Goa in January 2026.

