കൊച്ചി: നിർമ്മാണ മേഖലകളിൽ (Manufacturing Sector) എൽജിബിടിക്യൂ പ്ലസ് (LGBTQ+) വിഭാഗത്തിൽപ്പെട്ടവർക്ക് കൂടുതൽ സുരക്ഷിതവും വിപുലവുമായ തൊഴിലവസരങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രൈഡ് ഇൻ മാനുഫാക്ചറിങ്’ (Pride in Manufacturing) ടൂൾകിറ്റ് അവതരിപ്പിച്ച് പ്രമുഖ കമ്പനിയായ ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ്. കമ്പനിയുടെ മുംബൈയിലെ ആസ്ഥാനമായ ഗോദ്റെജ് വണ്ണിൽ നടന്ന ചടങ്ങിൽ ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് സിഇഒയും മാനേജിങ് ഡയറക്ടറുമായ സുധീർ സീതാപതിയും, തമിഴ്നാട്ടിലെ നിർമ്മാണശാലയിൽ വെച്ച് എച്ച്ആർ വിഭാഗം ആഗോള മേധാവി വൈഭവ് റാമും ചേർന്നാണ് ഈ സവിശേഷ ടൂൾകിറ്റ് ഒരേസമയം പ്രകാശനം ചെയ്തത്.
വൈവിധ്യമാർന്ന കഴിവുകളുള്ള എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വിവേചനരഹിതമായ ജോലിസ്ഥലങ്ങൾ (Inclusive Workplaces) സൃഷ്ടിക്കുക എന്ന ആശയത്തോട് കമ്പനിക്കുള്ള ശക്തമായ പ്രതിബദ്ധതയാണ് ഈ ടൂൾകിറ്റിലൂടെ പ്രതിഫലിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
എല്ലാവരെയും ഉൾപ്പെടുത്തുക എന്നത് കേവലം ഒരു പരിപാടിയോ താൽക്കാലിക പദ്ധതിയോ മാത്രമല്ലെന്നും, അത് കമ്പനിയുടെ വ്യവസ്ഥിതിയിലും സംവിധാനങ്ങളിലുമുള്ള ആഴത്തിലുള്ള വിശ്വാസമാണെന്നും ടൂൾകിറ്റ് പുറത്തിറക്കിക്കൊണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുധീർ സീതാപതി പറഞ്ഞു. ഈ ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് പുതിയ ടൂൾകിറ്റ്. വ്യവസായശാലകളിൽ എൽജിബിടിക്യൂ പ്ലസ് വിഭാഗത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ, ജോലിസ്ഥലത്തെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, നിയമപരമായ പരിരക്ഷകൾ, നേതൃസ്ഥാനത്തുള്ളവരെ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനുള്ള തന്ത്രങ്ങൾ തുടങ്ങിയവ ഈ ടൂൾകിറ്റിൽ വിശദമായി അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനിയുടെ വിവിധ നിർമ്മാണശാലകൾ വിവേചനങ്ങളില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലാണ് നിലവിൽ പ്രവർത്തിക്കുന്നതെന്ന് ഹ്യൂമൻ റിസോഴ്സസ് (HR) വിഭാഗം ആഗോള മേധാവി വൈഭവ് റാം വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ചെങ്കൽപെട്ട് പ്ലാന്റിലെ എൽജിബിടിക്യുഎ പ്ലസ് (LGBTQA+) പ്രതിനിധ്യം നിലവിൽ മൂന്ന് ശതമാനമാണെന്നും, കോർപ്പറേറ്റ് തൊഴിൽ സംസ്കാരത്തിൽ തുല്യത ഉറപ്പാക്കുന്ന കാര്യത്തിൽ എന്തെല്ലാം മാറ്റങ്ങൾ സാധ്യമാണെന്ന് തെളിയിക്കുന്നതാണ് ഈ മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് പ്ലാന്റുകളിലേക്കും ഈ മാതൃക വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Story Summary:
Godrej Consumer Products has launched the ‘Pride in Manufacturing’ toolkit to create safer and more inclusive job opportunities for the LGBTQ+ community in the manufacturing sector. The toolkit was co-released by MD & CEO Sudhir Sitapati at the headquarters and Global HR Head Vaibhav Ram at the Tamil Nadu plant. It includes practical guidelines, workplace infrastructure enhancements, and legal compliance structures. Currently, the community accounts for 3% of the workforce at the Chengalpattu plant.

