കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനർജിക്ക് ഒപ്പുകൃത്രിമക്കേസിൽ രണ്ടാഴ്ചത്തേക്ക് ഇടക്കാല സംരക്ഷണം അനുവദിച്ച് കൊൽക്കത്ത ഹൈക്കോടതി (Abhishek Banerjee Signature Forgery Case). കേസിൽ അന്വേഷണം നടത്തുന്ന സി.ഐ.ഡിയുടെ നിർബന്ധ നടപടികളിൽ നിന്ന് താൽക്കാലിക സംരക്ഷണം നൽകിയാണ് കോടതി ഉത്തരവ്. ജസ്റ്റിസ് കൗശിക് ചന്ദയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും സി.ഐ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. അതേസമയം, ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിനായി നിയമാനുസൃതമായി പരിശോധനയും പിടിച്ചെടുക്കലും നടത്താമെന്നും കോടതി വ്യക്തമാക്കി. കേസിൽ തുടർ ചോദ്യം ചെയ്യൽ ആവശ്യമാണെങ്കിൽ കുറഞ്ഞത് 24 മണിക്കൂർ മുൻകൂർ നോട്ടീസ് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാൾ നിയമസഭ സെക്രട്ടേറിയറ്റിൽ സമർപ്പിച്ച ഔദ്യോഗിക പാർട്ടി പ്രമേയത്തിൽ ചില തൃണമൂൽ എം.എൽ.എമാരുടെ ഒപ്പുകൾ വ്യാജമായി ചേർത്തുവെന്ന ആരോപണമാണ് വിവാദത്തിന് തുടക്കമായത്. പ്രതിപക്ഷ നേതാവിന്റെ നിയമനവും ചീഫ് വിപ് ഉൾപ്പെടെയുള്ള പ്രധാന നിയമസഭാ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളിലാണ് കൃത്രിമം നടന്നതെന്നാണ് ആരോപണം. വിമത തൃണമൂൽ നേതാക്കളായ റിതബ്രത ബാനർജിയും സന്ദീപൻ സാഹയും ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. നിരവധി എം.എൽ.എമാരുടെ ഒപ്പുകൾ അനുമതിയില്ലാതെ ഉപയോഗിച്ചതായും പരാതിയിൽ ആരോപിക്കുന്നു. തുടർന്ന് സി.ഐ.ഡി അന്വേഷണം ആരംഭിക്കുകയായിരുന്നു. പരാതിക്കാരുടെ പേരുകൾ പുറത്തുവന്നതിന് പിന്നാലെ ഇരുവരെയും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.
Summary: The Calcutta High Court granted TMC MP Abhishek Banerjee interim protection from coercive action for two weeks in a signature forgery case involving party legislators. The court directed him to cooperate with the CID investigation and appear before officials after returning from Delhi. The case stems from allegations that signatures of several TMC MLAs were forged on an official party resolution submitted to the West Bengal Assembly Secretariat. The CID is currently investigating the matter following complaints from rebel party legislators.

