ഒന്റാറിയോ: വ്യാജ ലൈസൻസ് ഉപയോഗിച്ച് 17 വർഷത്തോളം പതിനായിരക്കണക്കിന് യാത്രക്കാരുമായി വിമാനം പറത്തിയ എയർ കാനഡ മുൻ പൈലറ്റിനെതിരെ ക്രിമിനൽ കേസെടുത്തു. 2009 മുതൽ 2025 വരെ 900-ലധികം ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങൾ ക്യാപ്റ്റനായി പറത്തിയ ജെഫ്രി വാൾ ആണ് പിടിയിലായത്. ജൂൺ ഒന്നിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.(Former Air Canada Pilot Arrested For Flying With Fake License)
എയർ കാനഡയിൽ 27 വർഷത്തെ സേവന പാരമ്പര്യമുള്ള ആളാണ് ജെഫ്രി വാൾ. എന്നാൽ, 2009-ൽ ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ‘എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ്’ ഇയാൾക്ക് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതില്ലാതെയാണ് ഇദ്ദേഹം ബോയിംഗ് 767, 777, 787 തുടങ്ങിയ വൻകിട വിമാനങ്ങൾ വർഷങ്ങളോളം പറത്തിയത്. ഈ കാലയളവിൽ ഏകദേശം 3 ദശലക്ഷം കനേഡിയൻ ഡോളർ ശമ്പളമായി ഇയാൾ കൈപ്പറ്റിയിട്ടുണ്ട്.
2025-ൽ ഇയാളുടെ രേഖകൾ പരിശോധിച്ചപ്പോൾ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എയർ കാനഡ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ‘പ്രോജക്ട് ഇകാരസ്’ എന്ന പേരിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 2025-ൽ ഇദ്ദേഹം വിരമിച്ചിരുന്നു. വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പ് ഉൾപ്പെടെ ഏഴ് ക്രിമിനൽ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജൂൺ 29-ന് ഇദ്ദേഹം കോടതിയിൽ ഹാജരാകും.
യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടായിട്ടില്ലെന്ന് എയർ കാനഡ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. എല്ലാ പൈലറ്റുമാരും ആറുമാസത്തിലൊരിക്കൽ നിർബന്ധിത പരിശീലനത്തിനും യോഗ്യതാ പരീക്ഷകൾക്കും വിധേയരാകുന്നുണ്ട്. എങ്കിലും, കൃത്യമായ ലൈസൻസ് എന്നത് വ്യോമയാന മേഖലയിലെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും, വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും എയർ കാനഡ കൂട്ടിച്ചേർത്തു.
Story Summary
A former Air Canada pilot, Geoffrey Wall, has been arrested and faces criminal charges for flying over 900 flights with a fake license for 17 years. Despite lacking the required ATPL-A certification, Wall captained large Boeing aircraft until his retirement in 2025, when documentation anomalies led to a police investigation dubbed “Project Icarus.”

